ചോദ്യപേപ്പര്‍ ചോര്‍ച്ച: മന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം തന്നെവേണമെന്ന് ചെന്നിത്തല
തിരുവനന്തപുരം:ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പര്യാപ്തമല്ലെന്നും മന്ത്രി രാജി വച്ചുകൊണ്ടുള്ള ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സാമ്പത്തിക ക്രമക്കേടുകള്‍ മാത്രമാണ് വിജിലന്‍സിന് അന്വേഷിക്കാനാവുന്നത്. മറ്റു ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് കഴിയില്ല. ആ നിലയ്ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വിജിലന്‍സ് അന്വേഷണം പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം എസ്എസ്എല്‍സി കണക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് മാത്രമാണ്. വിവാദമായ ഹയര്‍ സെക്കണ്ടറി ജോഗ്രഫി, ജേര്‍ണലിസം, ഹിന്ദി ചോദ്യപേപ്പറുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളില്‍ അന്വേഷണമില്ല. ഇത് പരീക്ഷയുടെ ചുമതല വഹിച്ച ഇടതു അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയെ രക്ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഈ അന്വേഷണം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് മുഴുവന്‍ കാര്യങ്ങളും പുറത്ത് വരണമെങ്കില്‍ മന്ത്രി മാറി നിന്നുകൊണ്ടുള്ള സമഗ്രവും സമയബന്ധിതവുമായ ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."