HOME
DETAILS
MAL
ഭക്ഷ്യയോഗ്യമല്ലാത്ത 7,754 കിലോ മത്സ്യം പിടികൂടി
backup
April 10 2020 | 02:04 AM
തിരുവനന്തപുരം: മത്സ്യങ്ങളില്‍ മായം ചേര്‍ത്ത് വില്‍ക്കുന്നത് തടയാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്കരിച്ച ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 7754.5 കിലോ മത്സ്യം പിടികൂടി.
സംസ്ഥാനത്താകെ 211 കേന്ദ്രങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. 20 വ്യക്തികള്‍ക്ക് നോട്ടിസ് നല്കി. ശനിയാഴ്ച ആരംഭിച്ച ഓപറേഷന് സാഗര്‍ റാണിയുടെ ഭാഗമായി ഇതുവരെ 50,836 കിലോ മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്. തിരുവനന്തപുരം 13, കൊല്ലം 8, പത്തനംതിട്ട 8, ആലപ്പുഴ 38, കോട്ടയം 24, ഇടുക്കി 4, എറണാകുളം 28, തൃശൂര്‍ 23, പാലക്കാട് 5, മലപ്പുറം 23, കോഴിക്കോട് 17, വയനാട് 5, കണ്ണൂര്‍ 8 കാസര്‍കോട് 6 എന്നിങ്ങനെയാണ് ഇന്നലെ വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടത്തിയത്. ഇത്തരത്തില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത മത്സ്യം കൊണ്ടു വരുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്ത് കൊണ്ടുവരുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം അഞ്ച് ലക്ഷം രൂപ പിഴയും ആറുമാസം വരെ തടവും ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാണ്. മത്സ്യം കയറ്റി വരുന്ന വാഹനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാണെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന മത്സ്യം കണ്ടെത്തിയാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."