ഭക്ഷ്യവിഷബാധ: സി.ആര്‍.പി.എഫ് ഉന്നതതല അന്വേഷണത്തിന്
സ്വന്തം ലേഖകന്‍
കഠിനംകുളം: പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപിലുണ്ടായ ഭക്ഷ്യവിഷബാധയെ കുറിച്ച് സി.ആര്‍.പി എഫിലെ ഉന്നതതലത്തിലുള്ളവര്‍ അന്വേഷണം നടത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് രണ്ടുദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് ഉന്നതോദ്യോഗസ്ഥര്‍ പള്ളിപ്പുറത്ത് എത്തുമെന്നാണ് വിവരം.
ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മെഡിക്കല്‍കോളജ് ആശുപത്രിയിലും കഴക്കൂട്ടത്തെ രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്ന ജവാന്‍മാരില്‍ ഭൂരിഭാഗവും ഇന്നലെ ആശുപത്രി വിട്ടു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 111 സി.ആര്‍.പി.എഫ് ജവാന്‍മാരില്‍ 109 പേരെ, ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യനില തൃപ്തികരമല്ലാത്ത രണ്ടുപേര്‍ ഇപ്പോഴും ചികിത്സയിലാണ്. ശ്രീധര്‍ (25), കുമാരസ്വാമി (21) എന്നിവരാണ് ചികിത്സയിലുള്ളത്. 119 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഇതില്‍ 111 പേരെയാണ് അഡ്മിറ്റാക്കിയത്. മറ്റ് പ്രശ്‌നങ്ങളില്ലാത്തതിനാല്‍ എട്ടു പേരെ ശനിയാഴ്ച രാത്രി തന്നെ വിട്ടയച്ചിരുന്നു.
സംഭവം അറിഞ്ഞയുടന്‍ തന്നെ ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, മെഡിസിന്‍ വിഭാഗം മേധാവി, നഴ്‌സിങ് ഓഫിസര്‍ എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. നൂറിലധികം പേര്‍ ഒരുമിച്ച് എത്തിയെങ്കിലും മതിയായ ചികിത്സാ ക്രമീകരണങ്ങളൊരുക്കുകയും ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുകയും ചെയ്തു. ഡ്യൂട്ടി കഴിഞ്ഞതും അവധിയിലായിരുന്നവരുമായ ഡോക്ടര്‍മാര്‍, പി.ജി. ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍മാര്‍, എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍, നഴ്‌സുമാര്‍, നഴ്‌സിങ് വിദ്യാര്‍ഥികള്‍ , അറ്റന്റര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരും സേവന സജ്ജാരായെത്തി.
പുതുതായി പരീശിലനത്തിനെത്തിയ ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലുള്ള 400ലധികം ജവാന്‍മാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവര്‍ക്കായി ക്യാംപിനുള്ളില്‍ മൂന്ന് ക്യാന്റീനുകള്‍ പ്രത്യേകം തുറന്നിരുന്നു. ഇവിടെ വിതരണം ചെയ്ത മീന്‍കറിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശേഖരിച്ച സാമ്പിളിന്റെ പരിശോധനാഫലം ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."