നാടകോത്സവത്തിന് ഇന്നു തുടക്കം
വടകര: രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖനും നാടകരംഗത്തെ അതുല്യപ്രതിഭയുമായ കെ.എസ് ബിമലിന്റെ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന നാടകോത്സവത്തിനു ഇന്നു വടകര ടൗണ്‍ഹാളില്‍ തുടക്കമാകും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന നാടകോത്സവം വൈകിട്ട് അഞ്ചിനു എന്‍. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യും.
രാജീവ് രവി, സനല്‍കുമാര്‍ ശശിധരന്‍, സുവീരന്‍, മനോജ്കാന, ഉണ്ണി. ആര്‍ പങ്കെടുക്കും. ഏഴിനു തൃശൂര്‍ ഇന്‍വിസിബ്ള്‍ ലൈറ്റ് സൊല്യൂഷന്റെ 'ചരിത്ര പുസ്തകത്തിലേക്കൊരേട്' ഉദ്ഘാടന പ്രദര്‍ശനം നടത്തും. ടി.വി കൊച്ചുബാവയുടെ കഥയെ ആസ്പദമാക്കി ജയിംസ് ഏലിയ രചിച്ച നാടകം സംവിധാനം ചെയ്തത് ജോസ് കോശിയാണ്. രാത്രി ഒന്‍പതിനു ബിമലിന്റെ മാധവചരിതം എടച്ചേരി ആഗ് തിയറ്റര്‍ ആര്‍ട്‌സ് അവതരിപ്പിക്കും.
എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കി മനോജ് നാരായണന്‍ സംവിധാനം ചെയ്ത് കോഴിക്കോട് തിയറ്റര്‍ സ്‌കൂള്‍ അവതരിപ്പിക്കുന്ന നഗ്നനനായ തമ്പുരാന്‍ നാളെ വൈകിട്ട് ആറിനു അരങ്ങിലെത്തും. തുടര്‍ന്ന് രാത്രി എട്ടിനു സുനില്‍ ഗംഗോപാധ്യായയുടെ ജീവചരിത്രനോവലിനെ ആധാരമാക്കി കാസര്‍കോട് ജ്വാല കരുവാക്കോടിന്റെ മൊനേര്‍ മാനുഷ് അവതരിപ്പിക്കും.
ബുധനാഴ്ച രാവിലെ 10നു ചില്‍ഡ്രന്‍സ് തിയറ്റര്‍ വിഭാഗത്തില്‍ വിദ്യാര്‍ഥികളും നാടകരംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന കുട്ടികള്‍ക്കൊരു നാടകപാഠം പരിപാടി നടക്കും. രമേഷ്‌കാവില്‍, വിജേഷ് കെ.വി, കബനി എന്നിവര്‍ പങ്കെടുക്കും. രാവിലെ 11.30ന് പൂക്കാട് കലാലയം ചില്‍ഡ്രന്‍സ് തിയറ്റര്‍ അവതരിപ്പിക്കുന്ന നിശ്ശബ്ദ വസന്തം എന്ന നാടകം വേദിയിലെത്തും. വൈകിട്ട് ആറിനു അരുണ്‍ലാല്‍ സംവിധാനം നിര്‍വഹിച്ച മലപ്പുറം ലിറ്റില്‍ എര്‍ത്ത് തിയറ്ററിന്റെ ചില്ലറ സമരം പ്രദര്‍ശനത്തിനെത്തും.
സമാപന നാടകമായി സിംഗപ്പൂരിയന്‍ നാടകകൃത്തായ കുവോ പാവോ കുന്റെ രചനയെ ആസ്പദമാക്കി നരിപ്പറ്റ രാജു നാടകമാക്കിയ കുഴിവെട്ടുന്നവരോട് രാത്രി എട്ടിനും പ്രദര്‍ശിപ്പിക്കും. സ്‌കൂള്‍ ഓഫ് ഡ്രാമ പൂര്‍വ വിദ്യാര്‍ഥികളുടെ സംഘമായ സോഡയാണ് നാടകം അവതരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."