കായലില്‍ വീണ റെയില്‍വേ ഗാങ്മാന്റെ മൃതദേഹം കണ്ടെത്തി
അരൂര്‍: ജോലിയ്ക്കിടയില്‍ അരൂര്‍-കുമ്പളം റെയില്‍വേ പാലത്തില്‍ നിന്നു കായലില്‍ വീണ റെയില്‍വേ ഗാങ്മാന്റെ മൃതദേഹം കണ്ടെടുത്തു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയില്‍ പൊട്ടല്‍ കണ്ടെത്തിയതിനെ തുടര്‍ന്നു ബന്ധുക്കളും നാട്ടുകാരും മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി എത്തിയതോടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ചേര്‍ത്തല വാരനാട് കരിയില്‍ ഹരിദാസന്റെ മകന്‍ വിവേക്(26)ന്റെ മൃതദേഹമാണ് അരൂര്‍ പഞ്ചായത്ത് മൂന്നാംവാര്‍ഡ് കോട്ടപ്പുറം ഫിഷറീസ് സ്‌കൂളിനു സമീപം കൂമ്പേല്‍കടവില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ മത്സ്യത്തൊഴിലാളികളാണു മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു.
കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. റെയില്‍വേ ഗാങ്മാനായ സഹപ്രവര്‍ത്തകന്‍ വടക്കന്‍ പറവൂര്‍ സ്വദേശി അജേഷിനൊപ്പം വിവേക് അരൂര്‍ കുമ്പളം റെയില്‍വേ പാലത്തിലെ ട്രാക്കിലെ പരിശോധനകള്‍ നടത്തികൊണ്ടിരിക്കെയാണ് ചേര്‍ത്തലയില്‍ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന മെമു ട്രെയിന്‍ ഇതുവഴിയെത്തിയത്. അജേഷ് ട്രോളി കാബിനിലേക്കു കയറിയെങ്കിലും വിവേക് കാല്‍വഴുതി കായലില്‍ വീഴുകയുമായിരുന്നു.
അജേഷ് അറിയിച്ചതിനെത്തുടര്‍ന്ന് അരൂര്‍ കുമ്പളം പൊലിസും നാവികസേനയുടെ മുങ്ങല്‍വിദഗ്ധരും നാട്ടുകാരും എത്തി തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
ബി.ടെക് ബിരുദധാരിയായ വിവേക് എട്ടുമാസം മുന്‍പാണ് റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. അവിവാഹിതനാണ്. ഗിരിജയാണ് മാതാവ്. സഹോദരന്‍ വിഷ്ണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."