താലിബാനുമായി അഫ്ഗാന്‍ സര്‍ക്കാര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
കാബൂള്‍: ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ച് താലിബാനുമായി അഫ്ഗാന്‍ സര്‍ക്കാര്‍ ഉപാധികളില്ലാത്ത വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഐ.എസിനെതിരേയുള്ള നടപടികള്‍ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു. ജൂണ്‍ 20 വരെയാണ് വെടിനിര്‍ത്തല്‍. എന്നാല്‍ താലിബാന്‍ ഇത് അംഗീകരിച്ചോ എന്ന കാര്യം വ്യക്തമല്ല. റമദാന്‍ 27 മുതല്‍ പെരുന്നാള്‍ വരെയുള്ള വെടിനിര്‍ത്തലായിരുന്നു ആദ്യം പ്രഖ്യാപിച്ചിത്. പിന്നീട് ജൂണ്‍ 20 വരെ നീട്ടുകയായിരുന്നു. വെടിനിര്‍ത്തല്‍ താലിബാന് വീണ്ടുവിചാരത്തിനുള്ള അവസരമാണെന്നും അവരുടെ ആക്രമണങ്ങള്‍ വിജയിക്കാന്‍ പോവുന്നില്ലെന്നും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ട്വിറ്ററിലൂടെ പറഞ്ഞു. വെടിനിര്‍ത്തില്‍ പ്രഖ്യാപനത്തിലൂടെ അഫ്ഗാന്‍ സര്‍ക്കാറിനെ ശക്തിപ്പെടുത്താനാവുമെന്ന് വിശ്വസിക്കുന്നു. സംഘര്‍ഷങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സമാധാനത്തിനായുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനില്‍ നടന്ന ചാവേര്‍, ബോംബ് ആക്രമണങ്ങള്‍ക്കെതിരേ മതപണ്ഡിതന്മാര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടക്കുന്നത്.2001ല്‍ അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരിച്ചത് മുതല്‍ ആഭ്യന്തര സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. വെടിനിര്‍ത്തല്‍ കാലയളവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്രമണം നടക്കുകയാണെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് അഫ്ഗാന്‍ ആഭ്യന്തര സഹ മന്ത്രി ജനറല്‍ അഖ്തര്‍ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.
വെടിനിര്‍ത്തില്‍ വിജയകരമാണെങ്കില്‍ നീട്ടാമെന്നും സൈനിക തലവന്‍ ജനറല്‍ മുഹമ്മദ് ശരീഫ് യഫ്താലി പറഞ്ഞു.
താലിബാനുമായി സമാധാന ചര്‍ച്ചക്കായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് യു.എസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. താലിബാനുമായി ചര്‍ച്ച നടത്താനുള്ള താല്‍പര്യം അഷ്‌റഫ് ഗനി ഫെബ്രുവരിയില്‍ പ്രകടിപ്പിച്ചിരുന്നു. കൂടാതെ രാഷ്ട്രീയ പാര്‍ട്ടിയായി താലിബാനെ അംഗീകരിക്കാമെന്ന വാഗ്ദാനവും പ്രസിഡന്റ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനോട് താലിബാന്‍ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."