ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: വീണ്ടും വോട്ടെണ്ണുന്നു
ബഗ്ദാദ്: മെയ് 12ന് നടന്ന ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും വോട്ടണ്ണുന്നു. നേരത്തെ നടന്ന വോട്ടണ്ണലില്‍ കൃത്രിമം നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് വീണ്ടുംവോട്ടെണ്ണാന്‍ ഇറാഖ് പാര്‍ലമെന്റ് തീരുമാനിച്ചത്.
11 മില്യന്‍ വോട്ടുകളാണ് എണ്ണുന്നത്. വോട്ടെണ്ണലില്‍ ഗുരുതരമായ അതിക്രമങ്ങള്‍ നടന്നുവെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വോട്ടെണ്ണാന്‍ പാര്‍ലമെന്റ് തീരുമാനിക്കുന്നത്.
ഇത് സംബന്ധിച്ച നിയമ ഭേദഗതി പാര്‍ലമെന്റില്‍ പാസാക്കി. വോട്ടെണ്ണലിന് നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉള്‍പ്പെട്ട സ്വതന്ത്ര കമ്മിറ്റിയെ പിരിച്ചുവിട്ടു. പകരമായി ഒന്‍പത് ജഡ്ജിമരുടെ ഇറാഖ് ഇന്‍ഡിപെന്‍ഡന്റ് ഹൈ ഇലക്ഷന്‍ കമ്മിഷന് (ഐ.എച്ച്. ഇ.സി) വോട്ടെണ്ണാനുള്ള ചുമതല നല്‍കി.
സുപ്രിം ജുഡിഷ്യല്‍ കൗണ്‍സിലിന്റെ സാന്നിധ്യത്തിലായിരിക്കും വീണ്ടും വോട്ടെണ്ണല്‍ നടക്കുക. ഓരോ പാര്‍ട്ടികളുടെയും അംഗങ്ങള്‍ വോട്ടെണ്ണലിന് സാക്ഷ്യവഹിക്കണമെന്ന് പാര്‍ലമെന്റ് പാസാക്കിയ നിര്‍ദേങ്ങളില്‍ പറയുന്നുണ്ട്.
അടുത്ത തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തുകയില്ലെന്നും തീരുമാനിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമമനുസരിച്ച് ഈ ആഴ്ച വോട്ടെണ്ണല്‍ നടത്താന്‍ സാധിക്കില്ലെന്ന് ഇറാഖ് ഉന്നതാധികാര ജുഡിഷ്യല്‍ അതോറിറ്റി പറഞ്ഞു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തില്‍ പാര്‍ലമെന്റില്‍ എതിര്‍പ്പുകളൊന്നും ഉയര്‍ന്നില്ലെന്ന് ഐ.എച്ച്. ഇ.സി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
328 പാര്‍ലമെന്റ് സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ശീ ഈ നേതാവ് മുഖ്തദ അല്‍ സദറിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നേതൃത്വത്തിലുള്ള സഖ്യം ഭൂരിപക്ഷം നേടിയിരുന്നു. ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് കുര്‍ദിഷ് റീജ്യനല്‍ ഗവണ്‍മെന്റ് (കെ.ആര്‍.ജെ), സുന്നി പാര്‍ട്ടികള്‍ എന്നിവര്‍ പരാതികള്‍ ഉന്നയിച്ചിരുന്നു.
ഇറാഖില്‍ ആദ്യമായാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞടുപ്പില്‍ കൃത്രിമം കുറയ്ക്കാനാവുമെന്ന് വിലയിരുത്തിയാണ് വോട്ടെടുടുപ്പില്‍ വോട്ടിങ് മെഷീന്‍ ഉപയോഗിച്ചത്.
ഇതിനായി കൊറിയന്‍ കമ്പനിയായ മിറുവുമായി 135 മില്യന്‍ ഡോളറിന്റെ കരാറിലാണ് ഇറാഖ് സര്‍ക്കാര്‍ ഒപ്പുവച്ചത്. രാജ്യത്ത് 70,000 മെഷീനുകളാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."