പിന്നോട്ടില്ല; ചൂടും പ്രചാരണവും!
മലപ്പുറം: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സ്ഥാനാര്‍ഥികളുടെ പ്രചാരണം ശക്തിപ്രാപിക്കുകയാണ്. ഒപ്പം വേനല്‍ച്ചൂടും. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആദ്യഘട്ട മണ്ഡലംതല പര്യടനം ഇന്നലെ സമാപിച്ചു. ഓണപ്പുടയില്‍ കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു.
വളപുരം, വടക്കന്‍ പാലൂര്, പുലാമന്തോള്‍, കട്ടുപ്പാറ, ചെറുകര, ഏലംകുളം, മലയങ്ങാട്, മുതുക്കുറുശ്ശി, മണലായ, ആനമങ്ങാട്, ഒടമല, തൂത, ബിടാത്തി, പള്ളിക്കുന്ന്, കൊമ്പാക്കല്‍കുന്ന്, പുത്തൂര്‍, മാട്ടറക്കല്‍, മുതുക്കുംപുറം, താഴേക്കോട്, അമ്മിനിക്കാട്, പൊന്ന്യാകുര്‍ശ്ശി, പാതാക്കര, എരവിമംഗലം, കുന്നപ്പള്ളി, ജൂബിലി റോഡ് എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്.
ഇന്നലെ രാവിലെ ഒന്‍പതിന് ഓണപ്പുടയില്നിന്നു തുടങ്ങിയ പര്യടനം രാത്രി ഒന്‍പതോടെ മാനത്തുമംഗലത്തു സമാപിച്ചു.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിന്റെ പുറപ്പാടെഴുന്നള്ളിപ്പിനു തൊട്ടുപിന്നാലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എം.ബി ഫൈസല്‍ പൂരപ്പറമ്പിലെത്തി. എഴുന്നള്ളിപ്പ് കണ്ട് മടങ്ങുന്നവരോടും പ്രസാദ ഊട്ടിന് വരിനില്ക്കുന്നവരോടും വോട്ടഭ്യാര്‍ഥിച്ചു. വള്ളുവനാട് രാജകുടുംബാംഗവും തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റി ഇന്‍ ചാര്‍ജുമായ എ.സി വേണുഗോപാല രാജയെ സന്ദര്‍ശിച്ചു.
പരിയാപുരം കാര്‍ഷിക മേഖലയിലാണ് രാവിലെ എം.ബി ഫൈസല്‍ സന്ദര്ശനമാരംഭിച്ചത്. ഫാത്തിമമാതാ ഫൊറോന പള്ളിയും അദ്ദേഹം സന്ദര്‍ശിച്ചു. വികാരി ഫാ. ജേക്കബ് പുത്തൂരിനെ കണ്ട് സഹായം അഭ്യര്‍ഥിച്ചു. ചീരട്ടാമല ക്രിസ്തുരാജ പള്ളിയങ്കണവും സന്ദര്‍ശിച്ചു. മാലാപറമ്പ് സെന്റ് പീറ്റേഴ്സ് മര്‍ത്തോമ ചാപ്പലിലും പാലൂര്‍ക്കോട്ട സെന്റ് മേരീസ് പള്ളിയിലും വോട്ടര്‍മാരെ കണ്ടു. ജില്ലാ പഞ്ചായത്തംഗം ടി.കെ റഷീദലി, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഒ. കേശവന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.പി അബ്ദുല്‍ അസീസ്, സി.പി.എം അങ്ങാടിപ്പുറം ലോക്കല്‍ സെക്രട്ടറി കെ.ടി നാരായണന്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി. അബ്ദുസ്സമദ് തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. എന്‍. ശ്രീപ്രകാശ് ഇന്നലെ കൊണ്ടോട്ടി മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ കോളനി റോഡില്‍ പി.എസ്.പി സംസ്ഥാന പ്രസിഡന്റ് കെ.കെ പൊന്നപ്പന് ഉദ്ഘാടനം ചെയ്തു. കാരാട് നടന്ന സമാപന സമ്മേളനം ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."