ആശ്വാസമായി വിഖായ സില്‍സില മെഡി ചെയിനും സോഷ്യല്‍ മീഡിയ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും
സ്വന്തം ലേഖകന്‍
കോഴിക്കോട്: ലോക്ക് ഡൗണ്‍ കാലത്ത് ആശുപത്രിയില്‍ പോകാന്‍ സാധിക്കാത്ത രോഗികള്‍ക്ക് ആശ്വാസമായ എസ്.കെ.എസ്.എസ്.എഫ് വിഖായയുടെ സോഷ്യല്‍ മീഡിയ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി. എസ്.കെ.എസ്.എസ്.എഫിന്റെ മെഡിക്കല്‍ വിങ്ങിന്റെ നേതൃത്വത്തിലാണ് 65 ഡോക്ടര്‍മാരുള്ള ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അലോപ്പതിക്കു പുറമെ ഹോമിയോ, ആയുര്‍വേദ, യൂനാനി, ഡന്റല്‍ രോഗ വിദഗ്ദന്‍മാരടങ്ങുന്ന സംഘമാണ് ഇതിന്റെ ഭാഗമായുള്ളത്.
ഡോക്ടര്‍ ഓണ്‍ ഡിമാന്റ് ഹെല്‍പ്പ് ഡസ്‌ക് എന്ന പേരില്‍ ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രോഗികളില്‍ നിന്നും വാട്ട്സ്ആപ്പിലൂടെ വിവരങ്ങള്‍ക്ക് ശേഖരിക്കുന്നു. തുടര്‍ന്ന് അത് ബന്ധപ്പെട്ട ഡോക്ടര്‍ക്ക് കൈമാറുന്നു. ഡോക്ടറുടെ കുറിപ്പടിയും ഉപദേശവും യഥാസമയം രോഗിക്ക് വാട്ട്സ്ആപ്പിലൂടെ തിരികെ ലഭിക്കുന്നു. ഇതാണ് ആശുപത്രിയുടെ പ്രവര്‍ത്തന രീതി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ കാര്‍ഡിയോളജി മുതലുള്ള എല്ലാ വിഭാഗങ്ങള്‍ക്കും പരിഹാരം ലഭിക്കും. ഇതിനോടകം തന്നെ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി നിരവധി പേരാണ് ആശുപത്രിയുടെ സേവനം തേടിയത്.
ഇതിനു പുറമെ വിഖായയുടെ സില്‍സില മെഡി ചെയിന്‍ സംവിധാനത്തിലൂടെ കേരളത്തിലെ വിവിധ ജില്ലകളിലായി 200 ലധികം രോഗികള്‍ക്ക് മരുന്നെത്തിച്ചു നല്‍കി. ലോക്ക്ഡൗണിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് സര്‍ക്കാരുമായി സഹകരിച്ച് അതത് ജില്ലകളില്‍ നിന്നും മേഖലാ കമ്മിറ്റികള്‍ ചങ്ങലയായാണ് മരുന്നുകള്‍ എത്തിച്ചു നല്‍കുന്നത്. കഴിഞ്ഞ ദിവസം വയനാട്ടില്‍ നിന്നും എറണാകുളത്തെ രോഗിക്കുള്ള പച്ചമരുന്ന് ഒരു ദിവസത്തിന്റെ പ്രയത്നം കൊണ്ട് എത്തിച്ചു നല്‍കാനും സാധിച്ചു. ദീര്‍ഘദൂര സ്ഥലങ്ങളില്‍ നിന്നും അത്യാവശ്യ മരുന്നുകള്‍ എത്തിക്കുന്ന ഈ സംവിധാനം ഇന്നലെ മുതല്‍ കൂടുതല്‍ വിപുലമാക്കി.
വിഖായ ആക്റ്റീവ് വിംഗ് കോഡിനേറ്റര്‍ സലാം ഫറോകിന്റെ നേതൃത്വത്തിലാണ് ഈ സില്‍സില മെഡി ചെയിന്‍ നടക്കുന്നത്.
വിഖായയുടെ നേതൃത്വത്തില്‍ ഇതിനോടകം തന്നെ പതിനായിരം മാസ്‌കുകള്‍ വിതരണം ചെയ്തു. പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നായി ഇപ്പോഴും മാസ് നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."