പെരുവയലില്‍ ഡിസ്‌പോസിബിളിന് വിട
മാവൂര്‍: വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളിലെ സല്‍ക്കാരങ്ങള്‍ക്ക് ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ പെരുവയല്‍ പഞ്ചായത്തിന്റെ പ്രായോഗിക ഇടപെടല്‍. വാര്‍ഡ് ഗ്രാമകേന്ദ്രങ്ങളില്‍ സ്റ്റീല്‍ പാത്രങ്ങള്‍ ലഭ്യമാക്കിയാണ് പഞ്ചായത്ത് ബദല്‍ മാര്‍ഗം അവതരിപ്പിക്കുന്നത്.
ആദ്യഘട്ടത്തില്‍ ഒരു വാര്‍ഡിലേക്ക് 300 സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളുമാണ് നല്‍കിയത്. ഇത് വാര്‍ഡ് വികസന സമിതി ആവശ്യക്കാര്‍ക്ക് നല്‍കും. വലിയ ചടങ്ങുകള്‍ക്ക് സമീപവാര്‍ഡുകളില്‍ നിന്നുള്ള പാത്രങ്ങളും ഉറപ്പാക്കും. ഡിസ്‌പോസിബിള്‍ പലയിടത്തും അലക്ഷ്യമായി തള്ളുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബോധവല്‍ക്കരണം വഴിയും ബദല്‍മാര്‍ഗങ്ങള്‍ ഒരുക്കിയും ഡിസ്‌പോസിബിളിന്റെ ഉപയോഗം പരമാവധി കുറക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്.
വാര്‍ഡ് വികസനസമിതിയാണ് പാത്രങ്ങള്‍ നല്‍കുക. പരിപാടികള്‍ നിശ്ചയിച്ചാല്‍ അത്തരം വീട്ടുകാരെ അയല്‍സഭാ കമ്മിറ്റികള്‍ സമീപിച്ച് പാത്രങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കും. ക്ലീന്‍ പെരുവയല്‍ പദ്ധതിയുടെ ഭാഗമായാണ് ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ക്കെതിരായ കാംപയിനും നടക്കുന്നത്.
പദ്ധതിയുടെ ഭാഗമായി നേരത്തെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്ലിംഗ് ഏജന്‍സിക്ക് കൈമാറിയിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗിനും പഞ്ചായത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.
പദ്ധതിയുടെ ഉദ്ഘാടനം പുവ്വാട്ടുപറമ്പ് കുഴിമയില്‍ ഹരിദാസന്റെ മകളുടെ വിവാഹത്തിന് പാത്രം നല്‍കി പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ ജുമൈല അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ ഷറഫുദ്ദീന്‍, സുബിത തോട്ടാഞ്ചേരി, സഫിയ മാക്കിനിയാട്ട്, അംഗങ്ങളായ എം. ഗോപാലന്‍ നായര്‍, എം. മനോഹരന്‍, മിനി ശ്രീകുമാര്‍, വര്‍ക്കിങ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ എം.സി സൈനുദ്ദീന്‍, പന്ത്രണ്ടാംവാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കുന്നുമ്മല്‍ സുലൈഖ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."