പനി പ്രതിരോധം: മെഡിക്കല്‍ കോളജ് പരിസരം വൃത്തിയാക്കണമെന്ന് മന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: വിവിധതരം പകര്‍ച്ച പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫിസില്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ വകുപ്പ് മേധാവികളുടെ യോഗം നടന്നു.
പനി നിയന്ത്രണത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മെഡിക്കല്‍ കോളജില്‍ നടന്നുവരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ആശുപത്രിയും പരിസരവും കൂടുതല്‍ വൃത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
മഴക്കാലമായതിനാല്‍ വരാനിരിക്കുന്ന പകര്‍ച്ച വ്യാധികളെ കൂട്ടായ്മയോടെ പ്രതിരോധിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിന് വകുപ്പ് മേധാവികള്‍ നേതൃത്വം നല്‍കണം. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. പകര്‍ച്ച വ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഐസലേഷന്‍ വാര്‍ഡ് സ്ഥാപിക്കണം.
ആശുപത്രികള്‍ ഒരിക്കലും രോഗം പകരുന്ന ഒരിടമായി മാറരുതെന്നും മന്ത്രി പറഞ്ഞു. മാലിന്യങ്ങള്‍ കുന്നുകൂടുന്ന അവസ്ഥയുണ്ടാകരുത്. ആശുപത്രിക്കകവും പുറവും വൃത്തിയായി സൂക്ഷിക്കണം. കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് പേ വാര്‍ഡുകള്‍ വളരെ നന്നായി നോക്കേണ്ടതാണ്.
മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ട്രോമ കെയര്‍ സംവിധാനം, ഒ.പി നവീകരണം എന്നിവ എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികളെടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതിനാവശ്യമായ തസ്തികകള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. അജയകുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദ്, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. സന്തോഷ് കുമാര്‍, ഡോ. സുനില്‍കുമാര്‍ വിവിധ വിഭാഗം മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."