പന്തുരുളുന്നത് റഷ്യയില്‍; ആവേശം കുറയാതെ മാമലനാടും
മീനങ്ങാടി: ജൂണ്‍ 14ന് റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോളിന്റെ പന്തുരുണ്ടു തുടങ്ങുന്നതിന് മുമ്പേ, ആവേശം ആരവമാവുകയാണ് വയനാടന്‍ ഗ്രാമങ്ങളില്‍. ഇഷ്ട ടീമുകളുടെ ഫ്‌ളക്‌സുകളും തോരണങ്ങളും നിറഞ്ഞ നിലയിലാണ് ജില്ലയിലെ തെരുവീഥികള്‍. ഒരു മാസം മുന്‍മ്പേ ഇഷ്ട ടീമുകളുടെ ഫ്‌ളക്‌സുകളും, ജഴ്‌സികളും തോരണങ്ങളും നിറക്കുന്നതില്‍ ജില്ലയില്‍ ഫുട്‌ബോള്‍ കമ്പക്കാര്‍ മത്സരം തുടങ്ങിയിരുന്നു. ലോകകപ്പിന്റെ ഫേവറേറ്റുകളായ അര്‍ജന്റീന, ബ്രസീല്‍ ടീമുകളുടെ ആരാധകര്‍ തമ്മിലാണ് കടുത്ത മത്സരം.
മീനങ്ങാടി, അമ്പലവയല്‍, മേപ്പാടി, കല്‍പ്പറ്റ, മുട്ടില്‍, മാനന്തവാടി, പനമരം, തുടങ്ങി വിവിധ സ്ഥലങ്ങളില്‍ വര്‍ണങ്ങളുടെയും തോരണങ്ങളുടെയും കാഴ്ചകളൊരുക്കി ഇഷ്ട ടീമിന്റെ വിജയത്തിനായി കാത്തിരിക്കുകയാണ് വയനാടന്‍ ഗ്രാമങ്ങള്‍. കുടിയേറ്റ മേഖലയായ വയനാടിന്റെ പച്ചപ്പില്‍ ആദ്യ കാലങ്ങളില്‍ തന്നെ ഫുട്‌ബോളിന്റെ വേരോടിയിരുന്നു. പെലെ എന്ന ഇതിഹാസത്തിന്റെ പ്രകടനം ബ്രസീലിയന്‍ ഫുട്‌ബോളിനെ കളികമ്പക്കാരുടെ മനസ്സുകളിലെ ഇഷ്ട ടീമാക്കിയപ്പോള്‍, 1986 ലെ മറഡോണയുടെ കാലുകളിലെ മാസ്മരികത അര്‍ജന്റീനന്‍ ടീമിനും ജില്ലയില്‍ വമ്പന്‍ ആരാധക നിരയുണ്ടാക്കി.
മുന്‍പെങ്ങുമില്ലാത്ത വിധം ഇത്തവണ ഇഷ്ട ടീമുകളുടെ ഫ്‌ളക്‌സുകളും പതാകകളുടെയും ജഴ്‌സിയുടെയും നിറമണിഞ്ഞ മതിലുകളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും റോഡുകളും പാതയോരങ്ങളും നിറഞ്ഞിരിക്കുകയാണ്.
ജര്‍മ്മനി, ഇംഗ്ലണ്ട്, സ്‌പെയിന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, തുടങ്ങിയ ടീമുകളുടെ ഫ്‌ളക്‌സുകളും തോരണങ്ങളുമുണ്ടെങ്കിലും അര്‍ജന്റീന, ബ്രസീല്‍ ടീമുകള്‍ തന്നെയാണ് നാടും നഗരവും കൈയടക്കിയിട്ടുള്ളത്. മത്സരങ്ങള്‍ കാണുന്നതിനായി വലിയ സ്‌ക്രീനുകളൊരുക്കി റഷ്യയിലെ ആവേശം കളി പ്രേമികളില്‍ എത്തിക്കാന്‍ വിവിധ കൂട്ടായ്മകളും രംഗത്തുണ്ട്.
കളത്തില്‍ കളിമുറുകുമ്പോള്‍ പടക്കുതിരയാവാന്‍ ഞങ്ങളിതാ..... വെയിലേറ്റ് മങ്ങിയ മഞ്ഞയും നിലവിളിക്കായ് കാതോര്‍ത്ത നീലയും കടലാസിലെ പുലികള്‍ .... ഇങ്ങനെ ഗ്രാമങ്ങളില്‍ ഉയര്‍ന്ന ഫ്‌ളക്‌സുകളിലൂടെ തങ്ങളുടെ ഇഷ്ട ടീമിനെ ഉയര്‍ത്തി കാട്ടിയുള്ള പോരാട്ടങ്ങളും സജീവമാണ്.
ലോകകപ്പ് മുന്നില്‍ കണ്ട് ഇത്തവണ വിപണിയും ഒരുങ്ങിയിട്ടുണ്ട്. വിവിധ ടീമുകളുടെ പതാകകളും ജഴ്‌സിയും ഇതിനകം വിപണിയില്‍ എത്തിയിട്ടുണ്ട്. നാലര മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയും, ഒന്നര മീറ്റര്‍ നീളവും, ഒന്നര മീറ്റര്‍ വീതിയുമുള്ള പതാകകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ജഴ്‌സികള്‍, സ്റ്റിക്കറുകള്‍, തോരണങ്ങള്‍ തുടങ്ങി കളിയില്‍ അല്‍പ്പം കാര്യമായി വ്യാപാരികളും രംഗത്തുണ്ട്. അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മ്മനി, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ബല്‍ജിയം തുടങ്ങിയ ടീമുകളുടെ പതാകകള്‍ക്കും ജേഴ്‌സിക്കുമാണ് ആവശ്യക്കാരുള്ളതെന്ന് മീനങ്ങാടിയിലെ വ്യാപാരികളായ റഹീമും, ഷംസീറും പറയുന്നു. 200 രൂപ മുതല്‍ 600 രൂപ വരെ വിലയുള്ള പതാകകളും 180 മുതല്‍ 200-250 രൂപ വിലയുള്ള ജഴ്‌സികളുമാണ് വിപണിയിലെത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."