കടലില്‍ മാലിന്യം തള്ളാനെത്തി; ആളെ കണ്ടപ്പോള്‍ തടിയൂരി
കോഴിക്കോട്: സൗത്ത് ബീച്ച് ലോറി ഏജന്റ് ഓഫിസിനു മുന്‍വശം കടലിലേക്ക് മാലിന്യം തള്ളാനെത്തിയവരെ പിടികൂടാന്‍ നാട്ടുകാരെത്തിയപ്പോള്‍ വാഹനം ഉപേക്ഷിച്ച് തള്ളാനെത്തിയവര്‍ തടിയൂരി. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം.
കൊണ്ടോട്ടിയില്‍നിന്ന് മാലിന്യവുമായെത്തിയ ലോറിയാണ് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ഉപേക്ഷിച്ചുപോയത്. വാഹനം ടൗണ്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ശേഷം കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ക്ക് കൈമാറി. അതേസമയം ഇവിടെ സ്ഥാപിച്ച കാമറയില്‍ മാലിന്യം തള്ളാനെത്തിയവരുടെ മുഖം വ്യക്തമായിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പൊലിസ് പറഞ്ഞു. മലിന്യം സ്ഥിരമായി കടലിലേക്ക് തള്ളുന്നതാരെന്ന് വ്യക്തമാണെന്നും ഇവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍.എസ് ഗോപകുമാര്‍ പറഞ്ഞു.
സൗത്ത് ബീച്ച് പരിസരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ലോറികളുടെ മറവില്‍ സ്ഥിരമായി മാലിന്യം നിക്ഷേപിക്കാന്‍ പല സ്ഥലങ്ങളില്‍നിന്നും ആളുകളെത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കോഴി മാലിന്യങ്ങളുമായെത്തുന്ന ടിപ്പര്‍ലോറികളാണ് ഇവിടേക്കെത്താറുള്ളത്. ഇറച്ചിമാലിന്യങ്ങള്‍ കൊണ്ടിടുന്നതിനാല്‍ തെരുവുനായ ശല്യവും ഇവിടെ രൂക്ഷമാണ്. ഇതു കാരണം രാത്രികാലങ്ങളില്‍ ഈ ഭാഗത്തുകൂടിയുള്ള സഞ്ചാരവും ദുര്‍ഘടമാണെന്നും നാട്ടുകാര്‍ പറയുന്നു. നിരന്തരം മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ സി.സി.ടി.വി സ്ഥാപിച്ചത്. കൂടാതെ ഇവിടെയുള്ള യുവാക്കളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബീച്ചില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഒരുപറ്റം യുവാക്കള്‍ കാവലിരിക്കുന്നുണ്ട്. ഇത് കൂടുതല്‍ ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."