പതിനാറുകാരനെ പീഡിപ്പിച്ച കേസ്: ലോക്കല്‍ സെക്രട്ടറിയെ രക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം
മഞ്ചേശ്വരം: സ്കൂള്‍ വിദ്യാര്‍ഥിയായ പതിനാറുകാരനെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ട്രെയിനിലും ഹോട്ടല്‍ മുറികളും വച്ച് പീഡിപ്പിച്ചുവെന്ന സംഭവത്തില്‍ പ്രതിയെ പൊലിസ് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം. ഇതേ തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകനായ മുഹമ്മദ് ഹനീഫ് കണ്ണൂര്‍ റേഞ്ച് ഐ.ജിക്കു പരാതി നല്കി.
കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ നാലാം പ്രതിയായ സി.പി.എം ബന്തിയോട് ലോക്കല്‍ സെക്രട്ടറിയും മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായ ഫാറൂഖ് ഷിറിയയെ ഭരണസ്വാധീനം ഉപയോഗിച്ച് പൊലിസ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയതായാണ് ആരോപണം.
പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു മംഗളൂരു, തിരുവനന്തപുരം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ കൊണ്ട് പോയി ഫാറൂഖും ഇയാളുടെ സുഹൃത്തുക്കളായ മറ്റുമൂന്നു പേരും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡനത്തിനിടെ പ്രതികള്‍ മദ്യം കുടിക്കുകയും ഒട്ടനവധി തവണ തന്നെ കൊണ്ട് കുടിപ്പിച്ചതായും വിദ്യാര്‍ഥി മൊഴി നല്‍കിയിരുന്നു.
വിദ്യാര്‍ഥിയുടെ പെരുമാറ്റ രീതിയില്‍ മാറ്റം കണ്ടതോടെ അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയും അവര്‍ നടത്തിയ കൗണ്‍സിലിങിലാണ് പീഡന വിവരം പുറത്തു വന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്കിയ പരാതി പ്രകാരം മഞ്ചേശ്വരം പൊലിസ് നാലുപേര്‍ക്കെതിരേ പോസ്കോ നിയമ പ്രകാരം കേസെടുത്തിരുന്നു. പ്രതികള്‍ക്കെതിരേ കോടതിയില്‍ വിദ്യാര്‍ഥി രഹസ്യമൊഴി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രതികളെ അറസ്റ്റു ചെയ്യാന്‍ പൊലിസ് തയാറായില്ല ഇതേതുടര്‍ന്നാണ് പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ മുഹമ്മദ് ഹനീഫ് കണ്ണൂര്‍ റേഞ്ച് ഐ.ജിക്ക് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."