HOME
DETAILS
MAL
കേന്ദ്രം കോടതിക്ക് ക്ലാസെടുക്കുന്നു; തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ ആരോപണം മാത്രം
backup
April 13 2020 | 03:04 AM
ന്യൂഡല്‍ഹി: കുടിയേറ്റത്തൊഴിലാളികള്‍ക്ക് ശമ്പളം സര്‍ക്കാര്‍ നല്‍കണമെന്ന കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച തല്‍സ്ഥിതി വിവര റിപോര്‍ട്ടില്‍ കേവലം ആരോപണങ്ങള്‍ മാത്രമാണുള്ളതെന്ന് ഹരജിക്കാരായ ഹര്‍ഷ് മന്ദറും അഞ്ജലി ഭരദ്വാജും സുപ്രിം കോടതിയില്‍. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ടൊന്നും ഹരജിയിലില്ലെന്നും പകരം ഇത്തരം കേസുകളില്‍ എന്താണ് ചെയ്യേണ്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അങ്ങോട്ട് പഠിപ്പിക്കുകയാണെന്നും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തെറ്റായ കാര്യങ്ങളാണ് ഹരജിയില്‍ പറയുന്നത്. മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണവും മൂലമാണ് തൊഴിലാളികള്‍ പലായനം തുടങ്ങിയതെന്ന സര്‍ക്കാര്‍ വാദം അവാസ്തവമാണ്.
ദിവസ വേതനക്കാരായ തൊഴിലാളികള്‍ അവര്‍ക്ക് ജോലി ചെയ്തു അന്നന്നേക്കുള്ള പണം സമ്പാദിക്കാന്‍ കഴിയാത്ത സാഹചര്യമെത്തിയപ്പോഴാണ് പലായനം ചെയ്യാന്‍ തയാറായത്. ആരോഗ്യ സംരക്ഷണം, ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം, സുസ്ഥിരമായ താമസം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഈ ദിവസ വേതനത്തെ ആശ്രയിച്ചുള്ളതായിരുന്നു. അതിനു പകരം ഭക്ഷണം, വെള്ളം, മരുന്ന്, അഭയകേന്ദ്രം എന്നിവ മാത്രം നല്‍കിയതുകൊണ്ടായില്ല. തൊഴിലാളികളെ അവരുടെ വീട്ടിലേക്കുള്ള വഴിയില്‍ തടഞ്ഞുനിര്‍ത്തിയാണ് തൊട്ടടുത്ത പ്രദേശങ്ങളില്‍ ക്വാറന്റീന്‍ ചെയ്തിരിക്കുന്നത്. വെറും നാലുമണിക്കൂര്‍ മുന്‍പാണ് ഇനി മുതല്‍ ജോലിയില്ലെന്നും വരുമാനമില്ലെന്നും അവരോട് പറയുന്നത്. യാതൊരു വിധത്തിലുമുള്ള സാമൂഹിക സുരക്ഷയില്ലാത്ത അസംഘടിതരാണ് കുടിയേറ്റത്തൊഴിലാളികള്‍. അവര്‍ക്ക് യാതൊരു വിധത്തിലുമുള്ള മുന്നൊരുക്കത്തിനും സമയം നല്‍കാതെയാണ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ഹരജി വ്യക്തമാക്കുന്നു.
അതോടൊപ്പം സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പോരായ്മയും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച 1.70 ലക്ഷം കോടിയുടെ പാക്കേജ് രാജ്യത്തെ ആഭ്യന്തര ഉല്‍പാദന നിരക്കിന്റെ ഒരു ശതമാനം മാത്രം വരുന്നതാണ്. അതുകൊണ്ട് ഒന്നുമാവില്ല. മുന്നു മാസത്തേക്കുള്ള ഒരു കിലോ സൗജന്യ റേഷന്‍ ഇവരിലെല്ലാവര്‍ക്കും ലഭ്യമാകില്ല. 23 കോടി റേഷന്‍ കാര്‍ഡുകള്‍ക്ക് മാത്രമാണ് ഇത് ലഭിക്കുക, അല്ലാതെ പൊതു വിതരണ സംവിധാനത്തിന് കീഴില്‍ വരുന്ന 80 കോടി ആളുകള്‍ക്ക് മുഴുവനുമല്ലെന്നും ഹരജി ചൂണ്ടിക്കാട്ടി.
ജന്‍ധന്‍ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് 500 രൂപ വീതം നല്‍കാനുള്ള തീരുമാനം പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുള്ള കുറച്ച് പേര്‍ക്ക് മാത്രമാണ് ഗുണകരമാവുക. നിര്‍മാണത്തൊഴിലാളികള്‍ക്കുള്ള ഫണ്ട് രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. കുറച്ചു പേര്‍ മാത്രമാണ് അതില്‍ രജിസ്റ്റര്‍ ചെയ്തവരെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."