കൊവിഡ്-19: പ്രതിരോധ പ്രയത്‌നങ്ങള്‍ ഫലം കാണുന്നു; പോസിറ്റിവ് കേസുകള്‍ കുറയുന്നത് ആശ്വാസകരം- ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് 19 പ്രതിരോധ പ്രയത്‌നങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് ഇതിന്റെ സൂചനയാണെന്നും ആശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, പൂര്‍ണമായി ആശ്വാസം ലഭിച്ചെന്ന് പറയാനാവില്ലെന്നും തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഉണ്ടാകുന്നത് ആശങ്ക ഉയര്‍ത്തുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
'കേരളത്തില്‍ നേരിയ ലക്ഷണം കാണിക്കുന്നവരെ പോലും പരിശോധിക്കുന്നുണ്ട്.
സംശയിക്കുന്നവരെ കണ്ടെത്തി ആദ്യം തന്നെ ക്വാറനന്റൈന്‍ ചെയ്തു. നേരിയ രോഗലക്ഷണം ഉള്ളവരെ പോലും നിരീക്ഷണത്തിലാക്കുന്നുണ്ട്. രോഗി സമ്പര്‍ക്കങ്ങള്‍ കൃത്യമായി കണ്ടെത്താനായി. അത് പ്രകാരം സമ്പര്‍ക്കപട്ടിക ഫലപ്രദമായി തയ്യാറാക്കി',മന്ത്രി പറഞ്ഞവിശദമാക്കി.
ചികിത്സയില്‍ കഴിയുന്നവരില്‍ പ്രമേഹം, ന്യൂമോണിയ തുടങ്ങിയ കുറച്ച് ആരോഗ്യപ്രശ്നങ്ങളുള്ളവരുണ്ടെന്നും അവരെ രക്ഷിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷയുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
പരിശോധനക്കായി സംസ്ഥാനത്ത് പത്ത് ലാബുകള്‍ സജ്ജമാണ്. പരിശോധനക്ക് നിലവില്‍ ആവശ്യത്തിന് കിറ്റുകളുണ്ട്. അതേസമയം റാപ്പിഡ് ടെസ്റ്റുകള്‍ക്കായി കിറ്റ് കിട്ടാന്‍ കാത്തിരിക്കുകയാണെന്നും ലോക്ക് ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഷുവിന് സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ സാമൂഹിക അകലം പാലിക്കണം. ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണം. ജനങ്ങള്‍ ഒന്നായിട്ട് പുറത്തിറങ്ങുന്നത് നിയന്ത്രിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഞായറാഴ്ച 36 പേരാണ് കൊവിഡ് 19 ല്‍ നിന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍ ഉള്‍പെടെ) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.
രണ്ട് പേര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."