ഒരു വിളി മതി; കെ.എം.സി.സി റെഡിയാ...
ഒരായിരം പ്രതീക്ഷകളുമായി മരുഭൂവില്‍ വന്നണയുന്നവര്‍ക്ക് അന്നവും അഭയവും ആശ്വാസവും പകര്‍ന്ന് അരനൂറ്റാണ്ടിന്റെ സേവനങ്ങളുമായി മുന്നേറുന്ന കെ.എം.സി.സി കോവിഡ് കാലത്തും പ്രത്യാശയുടെ പച്ചത്തുരുത്ത് തീര്‍ക്കുകയാണ്.
ഭീതി വിളയാടുന്ന ഈ മഹാമാരിക്കാലത്തും കരുതലിന്റെ സ്‌നേഹ സ്പര്‍ശവുമായി പ്രവാസിലോകത്തെ ചേര്‍ത്തുപിടിക്കുന്ന കേരള മുസ്‌ലിം കള്‍ചറല്‍ സെന്റര്‍ ദേശാതിര്‍ത്തികളെ വകഞ്ഞുമാറ്റി കരുണക്കടലായി പരന്നൊഴുകുകയാണ്.
ഒരു ഫോണ്‍ കോള്‍ അല്ലെങ്കില്‍ ഒരു മെസേജ് മതി. ഭക്ഷണവും മരുന്നും ഒത്തിരി ആശ്വാസവാക്കുകളുമായി കെ.എം.സി.സി പ്രവര്‍ത്തകര്‍ ഓടിയെത്തും. ആയിരക്കണക്കിന് വളന്റിയര്‍മാരാണ് ഓരോ എമിറേറ്റുകളിലും വിശ്രമമില്ലാതെ സഹജീവികളുടെ വയറിന്റെ വരള്‍ച്ചക്കും മനസ്സിന്റെ വേവലാതികള്‍ക്കും പരിഹാരം തേടി അധ്വാനിച്ചുകൊണ്ടിരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്നുവെന്ന പ്രചാരണത്തെ തുടര്‍ന്ന് നിലവിളിയുടെ വക്കിലെത്തിയ മലയാളക്കരക്ക് ആശ്വാസ വാര്‍ത്തയെത്തിക്കാനായത് ദേര, നായിഫ് മേഖലയില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ കര്‍മഭൂമിയില്‍ സജീവമായതോടെയാണ്.
യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെയും ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെയും നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ച്, ദേര, നായിഫ് മേഖലയിലെ ഓരോ കെട്ടിടങ്ങളിലും കയറിയിറങ്ങി ആളുകളെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുന്നതില്‍ ഡി.എച്ച്.എക്കും ദുബൈ പൊലീസിനും എല്ലാവിധ സഹായവുമൊരുക്കിയത് കെ.എം.സി.സിയുടെ ദുബൈ ഘടകം നേരിട്ടെത്തിയായിരുന്നു. പോസിറ്റിവെന്ന് കണ്ടെത്തിയവരെ ഐസൊലേഷനിലേക്ക് മാറ്റിയും നിരീക്ഷണത്തിലുള്ള മറ്റുള്ളവര്‍ക്ക് കൃത്യമായി മരുന്നും ഭക്ഷണവുമെത്തിക്കുന്നതിന് നേതൃത്വം നല്‍കിയും കെ.എം.സി.സി നടത്തിയ ശ്രമദാനങ്ങള്‍ പരിഭ്രാന്തിയുടെ നെരിപ്പോടില്‍ വെന്തുരുകിയ മലയാളക്കരക്കു ആശ്വാസം പകരുന്നതായി.
വൈറസ് ബാധ സ്ഥിരീകരിച്ചവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ദുബൈ ഹെല്‍ത്ത് അതോറിറ്റിക്ക് പരിപൂര്‍ണ പിന്തുണ നല്‍കി കെ.എം.സി.സി പ്രവര്‍ത്തകര്‍ ഇറങ്ങിയതോടെയാണ് വര്‍സാനില്‍ ഇന്ന് കാണുന്ന കോവിഡ് കെയര്‍ ആശുപത്രിയൊരുങ്ങിയത്. കേവലം കെട്ടിടങ്ങളെ മികച്ച സൗകര്യമുള്ള ആശുപത്രിയാക്കി മാറ്റാന്‍ ഈ വളന്റിയര്‍മാര്‍ക്കു വേണ്ടിവന്നത് മൂന്നു ദിവസം മാത്രമായിരുന്നു. ഇപ്പോള്‍ തന്നെ 3000ത്തോളം പേരെ ഐ സൊലേഷനില്‍ പ്രവേശിപ്പിക്കാനുള്ള സൗകര്യം ആശുപത്രിക്കുണ്ട്. വേണമെങ്കില്‍ 7000 പേരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനമായി ഉയര്‍ത്താനുമാകും .
ക്വാറന്റയിനില്‍ കഴിയുന്നവരും ലേബര്‍ ക്യാംപിലുള്ളവരും വിശന്ന വയറുമായി ഉറങ്ങരുതെന്ന നിര്‍ബന്ധ ബുദ്ധിയുള്ളതുകൊണ്ടുതന്നെ ദിവസവും രണ്ടുനേരവും ഭക്ഷണമെത്തിക്കുന്ന തിരക്കിലാണ് പ്രവര്‍ത്തകര്‍.
ദുബൈ പൊലിസ് , മലയാളി വ്യവസായികള്‍, റസ്റ്റാറന്റ് ഉടമകള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ ശേഖരിച്ചുനല്‍കുന്ന ഭക്ഷണപ്പൊതികളും ആവശ്യക്കാരിലെത്തുന്നത് കെ.എം.സി.സി വളന്റിയര്‍മാരിലൂടെയാണ്. ഒപ്പം അവശ്യമരുന്നുകളെത്തിക്കാനും അത്യാവശ്യ സാധനങ്ങള്‍ കൈമാറുന്നതിനും പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കെ.എം.സി.സി ജാഗ്രതയോടെയാണ് നിര്‍വഹിക്കുന്നത്.
ഇതിനകം ലോക ശ്രദ്ധ നേടിയ സി.എച്ച് സെന്റര്‍, ബൈത്തു റഹ് മ, ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങി മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്ന എണ്ണമറ്റ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സര്‍വ്വവിധ പിന്തുണയും സാമ്പത്തിക പിന്‍ബലവും കെ.എം.സി.സിയാണ്. കുടുംബ സുരക്ഷാ പദ്ധതികള്‍, വിവാഹ, ചികിത്സാ, വിദ്യാഭ്യാസ സഹായങ്ങള്‍ അടക്കം നിരവധി ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍ സേവന രംഗത്തും നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."