ബൈപാസ്: ഓവര്‍ ബ്രിഡ്ജുകളുടെ അനുമതി ഉടനെന്ന് കെ.സി വേണുഗോപാല്‍ എം.പി
ആലപ്പുഴ: ബൈപാസിന്റെ ഭാഗമായ രണ്ടു റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മാണത്തിനാവശ്യമായ ക്വാളിറ്റി പ്ലാനിനു റെയില്‍വേയുടെ അനുമതി രണ്ടു ദിവസത്തിനകം ലഭിക്കുമെന്ന് കെ.സി വേണുഗോപാല്‍ എം.പി. ദക്ഷിണ റെയില്‍വേയിലെ മേല്‍ പാലങ്ങളുടെ ചുമതലയുള്ള ചീഫ് എന്‍ജിനീയറുമായി എം പി ഇത് സംബന്ധിച്ചു ചര്‍ച്ച നടത്തി.
പാലങ്ങളുടെ നിര്‍മാണത്തിനാവശ്യമായ ക്വാളിറ്റി അഷുറന്‍സ് പ്ലാന്‍ ദേശീയപാത വിഭാഗം റെയില്‍വേക്കു സമര്‍പ്പിച്ചിരുന്നു. ഈ പ്ലാന്‍ വിശദമായ പരിശോധനയിലാണ്. ഇതിനു രണ്ടു ദിവസത്തിനകം അംഗീകാരം ലഭിക്കും. ഇതിനു ശേഷം റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അംഗീകാരത്തിനായി അയക്കും.
സുരക്ഷാ അനുമതി കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുമായും എം.പി ചര്‍ച്ച നടത്തി. സുരക്ഷാ അനുമതിയും അടിയന്തരമായി ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജനറല്‍ മാനേജര്‍ ഉറപ്പുനല്‍കിയതായി എം.പി അറിയിച്ചു.
റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്ന ബാപ്പു വൈദ്യര് ജങ്ഷനിലെ ലെവല്‍ ക്രോസില്‍ എം.പി സന്ദര്‍ശനം നടത്തി. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസത്തെ സമയമാണ് കരാര്‍ കമ്പനി ആവശ്യപ്പെടുന്നത്.
നിലവില്‍ 87.5 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. മഴ പ്രതികൂലമായി ബാധിച്ചില്ലെങ്കില്‍ സെപ്റ്റംബറോടെ പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍.
എന്നാല്‍ നിര്‍മാണം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കണമെന്നു എം പി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."