പ്രവാസി വിഷയങ്ങൾ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി റിയാദ് കെ.എം.സി.സി നേതാക്കളുമായി ചർച്ച നടത്തി
റിയാദ്: കോവിഡ് 19 വൈറസും അനുബന്ധ നിയന്ത്രണങ്ങളും മൂലം പ്രയാസപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ സംബന്ധമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളും ജില്ലാ, മണ്ഡലം ഭാരവാഹികളുമായി മുസ് ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ചർച്ച നടത്തി.
വീഡിയോ കോൺഫറൻസ് വഴി നടന്ന മീറ്റിംഗിൽ റിയാദിലെ പ്രവാസികൾ നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്തു. കോവിഡ് രോഗികൾക്കും രോഗലക്ഷണമുള്ളവർക്കും അടിയന്തിര വൈദ്യ സഹായം, ഇത്തരം രോഗികളെ ആശുപത്രികളിലെത്തിക്കാൻ ആംബുലൻസ് സൗകര്യം, ലേബർ ക്യാമ്പുകളിലും മറ്റു കഴിയുന്നവർക്ക് എംബസി മുൻകൈ എടുത്ത് സുരക്ഷിതമായി ക്വാറന്റൈൻ ചെയ്യുവാനുള്ള സൗകര്യം, കർഫ്യൂ കാരണം ജോലിയും ശമ്പളവുമില്ലാത്ത ആളുകൾക്ക് എംബസി വെൽഫെയർ ഫണ്ട് വഴി സഹായമെത്തിക്കൽ, വിസിറ്റ് വിസയിലും മറ്റും വന്ന് ഇവിടെ കഴിയുന്നവർക്ക് സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ നാട്ടിൽ നിന്നും എത്തിച്ചു നൽകുക, സന്നദ്ധ സേവനത്തിനുള്ള അനുമതി എംബസി വഴി അനുവദികുക, നാട്ടിൽ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളുടെ കുടുംബത്തിന് സഹായം എത്തിച്ചു നൽകുക തുടങ്ങി വിവിധ വിഷയങ്ങൾ ഭാരവാഹികൾ എം.പിയുടെ ശ്രദ്ധയിൽ കൊണ്ട് വന്നു.
കോവിഡ് പ്രതിസന്ധി തുടങ്ങിയത് മുതൽ വിദേശ കാര്യ വകുപ്പ് മന്ത്രിയുമായും സഊദിയിലെ ഇന്ത്യൻ അംബാസഡറുമായും ടെലിഫോണിലും രേഖാമൂലവും സഊദിയിലെ പ്രവാസികൾ നേരിടുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ നടത്തിവരുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സഊദിയിലേക്ക് വിദഗ്ദരായ മെഡിക്കൽ സംഘത്തെ അയക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കും. പ്രവാസി വിഷയങ്ങളിൽ എംബസി ഫലപ്രദമായ ഇടപ്പെടലുകൾ നടത്തുന്നുണ്ട് എന്നുള്ളത് ഉറപ്പ് വരുത്താൻ ശ്രമിക്കുമെന്നും നാട്ടിൽ പ്രയാസമനുഭവിക്കുന്ന പ്രവാസി കുടുംബങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിൽ നിന്ന് എത്തിക്കാനുള്ള മരുന്നുകളുടെ വിവരങ്ങൾ അറിയിച്ചാൽ അവ സഊദിയിലെത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നടത്തി വരുന്ന കോവിഡ് റിലീഫ്, വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തൂവ്വൂരിന്റെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കെ.എം.സി.സി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട്. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ, ജലീൽ തിരൂർ, സിദ്ദീഖ് തുവ്വൂർ എന്നിവർ സംസാരിച്ചു. റിയാദ് കെ.എം.സി.സി സൈബർ വിംഗ് ഓൺലൈൻ മീറ്റിംഗ് നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."