ഒ.ബി.സി വായ്പാ പദ്ധതി: വരുമാന പരിധി ഉയര്‍ത്തി
കണ്ണൂര്‍: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മറ്റു പിന്നാക്ക വിഭാഗത്തില്‍ (ഒ.ബി.സി) ഉള്‍പ്പെട്ടവര്‍ക്ക് വേണ്ടി നടപ്പാക്കിവരുന്ന വിവിധ വായ്പാ പദ്ധതികളുടെ കുടുംബ വാര്‍ഷിക വരുമാന പരിധി 1,20,000 രൂപയില്‍ നിന്നും 3,00,000 രൂപയായി ഉയര്‍ത്തി. നിലവില്‍ വായ്പ ലഭിക്കുന്നതിന് അര്‍ഹതയില്ലാതിരുന്ന ഒട്ടേറെ പേര്‍ക്ക് ഈ നടപടിയുടെ പ്രയോജനം ലഭിക്കും. ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആറു മുതല്‍ ഏഴു ശതമാനം വരെ പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെ സ്വയംതൊഴില്‍ വായ്പയും 3.5 മുതല്‍ നാലു ശതമാനം വരെ പലിശ നിരക്കില്‍ 20 ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പയും 75 ശതമാനമെങ്കിലും ഒ.ബി.സി. വിഭാഗത്തില്‍പെട്ട അംഗങ്ങള്‍ ഉള്‍പ്പെട്ട അയല്‍ക്കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനായി കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് 2.5 മുതല്‍ 3.5 ശതമാനം പലിശ നിരക്കില്‍ രണ്ടു കോടി രൂപ വരെ മൈക്രോ ക്രെഡിറ്റ് വായ്പയും ലഭിക്കും.
പ്രവാസികള്‍ക്ക് മൂന്നു ലക്ഷം രൂപവരെ മൂലധന സബ്‌സിഡി ലഭിക്കുന്ന റീ-ടേണ്‍ പദ്ധതി, പ്രൊഫഷണലുകള്‍ക്ക് രണ്ടു ലക്ഷം രൂപവരെ മൂലധന സബ്‌സിഡി ലഭിക്കുന്ന സ്റ്റാര്‍ട്ട് അപ് പദ്ധതി എന്നിവ പ്രകാരം 20 ലക്ഷം രൂപവരെ ആറു മുതല്‍ ഏഴു ശതമാനം വരെ പലിശ നിരക്കില്‍ അനുവദിക്കും. ഇതിനു പുറമേ പെണ്‍കുട്ടികളുടെ വിവാഹം, ഗൃഹനിര്‍മാണം, ഗൃഹപുനരുദ്ധാരണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള പദ്ധതികളും നിലവിലുണ്ട്. വായ്പാ അപേക്ഷാ ഫോറം ജില്ലാ ഉപജില്ലാ ഓഫിസുകളില്‍ നിന്ന് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."