കൊവിഡ്-19: കുവൈത്തില്‍ 119 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു; 75 പേരും ഇന്ത്യക്കാര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ 75 ഇന്ത്യക്കാരുള്‍പ്പെടെ 119 പേര്‍ക്ക് കൂടി പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചു.
ഇതോടെ കുവൈത്തില്‍ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 1524 ആയി. രാജ്യത്തെ വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 860 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
പുതിയ രോഗികളില്‍ 68 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 102 പേര് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നു നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരാണ്. ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടന്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തിയ രണ്ട് വീതം കുവൈത്ത് പൗരന്മാര്ക്കും ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് മൂലം ഒരു ഇന്ത്യക്കാരന് ഉള്‍പ്പെടെ മൂന്ന് പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.
അതേസമയം ചികിത്സയിലുണ്ടായിരുന്നവരില്‍ 19 പേര് കൂടി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി ശൈഖ് ബാസില്‍ അല്‍ സബാഹ് അറിയിച്ചു. ഇതോടെ രാജ്യത്തു കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം 225 ആയി.
രോഗമുക്തരാവുന്നവരെ ആശുപത്രികളില്‍ പ്രത്യേകം തയ്യാറാക്കിയ റീ-ഹാബിലിറ്റേഷന്‍ സെന്ററുകളിലേക്കാണ് മാറ്റുക. രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം മാത്രമേ അവരെ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ എന്നും ആരോഗ്യ മന്ത്രി വാര്‍ത്താ ഏജന്‍സി കുനയോട് പറഞ്ഞു. നിലവില്‍ 1296 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 32 പേര് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."