ഇത് മെയ്ക്കര്‍ വില്ലേജ് വക ഡ്രോണ്‍; ലോക്ക് ഡൗണ്‍ കാലത്തെ പൊലിസിന്റെ സഹായി
കൊച്ചി: നിര്‍മിത ബുദ്ധിയുപയോഗിച്ച് ശരീരോഷ്മാവ് അടക്കം നിരീക്ഷിക്കാനും 40 കിലോമീറ്റര്‍ വരെ ദൂരം അടിയന്തര വസ്തുക്കള്‍ എത്തിക്കാനും കഴിയുന്ന ഡ്രോണായ ഗരുഡാണ് ലോക്ക് ഡൗണ്‍ കാലത്തെ പൊലിസിന്റെ സഹായി. ലോക്ക് ഡൗണ്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഈ ഡ്രോണിനെയാണ് പൊലിസ് പ്രധാനമായും ആശ്രയിക്കുന്നത്.
കളമശ്ശേരി മെയ്ക്കര്‍ വില്ലേജിലെ എ.ഐ ഏരിയല്‍ ഡൈനാമിക്സ് എന്ന സ്റ്റാര്‍ട്ടപ്പാണ് അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ (യു.എ.വി) വിഭാഗത്തില്‍പ്പെട്ട ഡ്രോണ്‍ വികസിപ്പിച്ചത്.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഡ്രോണുകള്‍ക്ക് വില വളരെ കൂടുതലായിരിക്കെയാണ് ഗരുഡ് സാധ്യതകള്‍ തുറക്കുന്നത്.
ലോക്ക് ഡൗണിനെത്തുടര്‍ന്ന് റോഡുകള്‍, ഇടവഴികള്‍, വാസസ്ഥലങ്ങള്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്താന്‍ ഗരുഡിനാകും. തെര്‍മല്‍ ഡാറ്റാ സമ്പാദനം, എഡ്ജ് സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് പകര്‍ച്ചവ്യാധികളുടെ വ്യാപനവും അറിയാനാകും. വിശാലമായ സ്ഥലത്ത് ആകാശത്തുനിന്ന് അണുനാശിനി തളിക്കാനുള്ള ആധുനിക സ്പ്രേയര്‍ സംവിധാനവും ഇതിനുണ്ട്. സ്പീക്കറിലൂടെ പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും നല്‍കാം.
ഒരു സെന്റീമീറ്റര്‍ വിസ്തൃതിയിലുള്ള കാര്യങ്ങള്‍ പോലും തിരിച്ചറിയാനുള്ള ശേഷി ഈ ഡ്രോണിനെ വ്യത്യസ്തമാക്കുന്നതായി കമ്പനിയുടെ സി.ഇ.ഒയും സ്ഥാപകനുമായ വിഷ്ണു വി. നാഥ് പറയുന്നു. ബാറ്ററി തീര്‍ന്നാലോ റെയ്ഞ്ച് പോയാലോ ഓട്ടോമാറ്റിക്കായി യാത്രയാരംഭിച്ചയിടത്ത് തിരികെയെത്തുകയും ചെയ്യും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി രൂപീകരിച്ച മെയ്ക്കര്‍ വില്ലേജ് രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്ഡ്വെയര് ഇന്‍കുബേറ്ററാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."