ഡെങ്കിപ്പനി മരണം; ആശങ്കയില്‍ പട്ടാമ്പി മേഖല
പട്ടാമ്പി: താലൂക്കിലെ കണ്ണനൂരില്‍ ഡെങ്കിപ്പനിമരണം റിപ്പോര്‍ട്ട് ചെയ്തതാടെ ഈ മേഖല വീണ്ടും പകര്‍ച്ചവ്യാധി ഭീഷണിയിലായി. മരിച്ച വിദ്യാര്‍ഥി കുറച്ചുനാള്‍ കൊപ്പം ആമയൂരിലാണ് താമസിച്ചിരുന്നതെന്നും ഇവിടെനിന്നാണോ പനി പടര്‍ന്നതെന്നും സംശയമുണ്ട്. ഇതേത്തുടര്‍ന്ന് പട്ടാമ്പി ബ്ലോക്ക് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആമയൂരിലെത്തി വീടുകളില്‍ പരിശോധന നടത്തി. എന്നാല്‍, പ്രദേശത്ത് വ്യാപകമായി പനി പടര്‍ന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. അതേസമയം, കൊപ്പം പഞ്ചായത്തിലെ മണ്ണേങ്ങോട്ടും കുലുക്കല്ലൂര്‍ പഞ്ചായത്തിലും പനിബാധിതരുടെ എണ്ണം കഴിഞ്ഞ എതാനും ദിവസമായി വര്‍ധിച്ചുവരുന്നതായി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ വി.സി. ഗീത പറഞ്ഞു. നിലവില്‍ ആശങ്ക വേണ്ടെന്നും ഇവര്‍ വ്യക്തമാക്കി. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ആരംഭിക്കാനും തിരുമാനിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങള്‍ വ്യാപകമായി മേഖലയില്‍ കണ്ടുവരുന്നുണ്ട്. ഇതിനാവശ്യമായ ചികിത്സാസംവിധാനവും ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞതവണ ഓങ്ങല്ലൂരിലും വിളയൂരിലും പട്ടാമ്പിയിലുമെല്ലാം ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."