ഓണ്‍ലൈന്‍ തട്ടിപ്പ്; വയോധികയുടെ അമ്പതിനായിരം രൂപ നഷ്ടപ്പെട്ടു
കുട്ടനാട്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വയോധികയുടെ അമ്പതിനായിരത്തോളം രൂപ കവര്‍ന്നു. കൈനകരി അറയ്ക്കത്തറ രാജമ്മ(68)യാണ് തട്ടിപ്പിനിരയായത്. ഇവരുടെ കൈനകരി എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടിലുണ്ടായിരുന്ന തുകയാണ് ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ തട്ടിപ്പുകാര്‍ കവര്‍ന്നത്. പണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്കി. കഴിഞ്ഞ 24-ാം തിയതി മുതലാണ് തട്ടിപ്പുകാര്‍ ഇവരുടെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചത്.
വിവിധ സമയങ്ങളിലായി 50 രൂപ മുതല്‍ 2,000 രൂപവരെ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്. നെല്ലുവിലയിനത്തില്‍ പി.ആര്.എസ് വായ്പാ പദ്ധതിവഴി ലഭിച്ച തുകയും പെന്ഷന് തുകയുമാണ് ഇവര്‍ക്ക് നഷ്ടപ്പെട്ടത്. എണ്‍പതിനായിരത്തോളം രൂപയാണ് ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നത്.
വെള്ളിയാഴ്ച പണമെടുക്കുന്നതിനായി ബാങ്കിലെത്തിയപ്പോഴാണ് പണം പിന്‍വലിക്കപ്പെട്ടതായും 27,000 രൂപ മാത്രമാണ് അക്കൗണ്ടിലുള്ളതെന്നും മനസിലായത്. എന്നാല്‍ വണ്‍ ടൈം പാസ്വേര്ഡ് (ഒ.ടി.പി) ചോദിച്ചോ, എ.ടി.എം കാര്‍ഡിന്റെ പിന് നമ്പര്‍ ചോദിച്ചോ ആരും വിളിച്ചിട്ടില്ലെന്നും രാജമ്മ പറഞ്ഞു. തട്ടിപ്പിനിരയായ വിവരം ബാങ്ക് അധികൃതരോട് അറിയച്ചപ്പോള്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും പൊലിസില്‍ പരാതി നല്കാന് പറഞ്ഞതായും രാജമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."