വര്‍ഷകാലം; മലയോര മേഖലകളില്‍ വന്യമൃഗ ശല്യമേറുന്നു
ഒലവക്കോട്: വേനല്‍ക്കാലത്ത് തുടങ്ങിയ വന്യമൃഗശല്യം മഴക്കാലത്തും തുടരുന്നത് മലയോര ജീവിതം ദുരിതപൂര്‍ണമാക്കുന്നു. മണ്ണാര്‍ക്കാട് മേഖലയില്‍ വ്യാപകമായി കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നു. ചൊവ്വാഴ്ച്ച രാത്രി തെങ്കര മെഴുകുംപാറയിലാണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്.
ഒറ്റപ്പാലം മേഖലയിലും വന്യമൃഗങ്ങള്‍ നെല്ല്, കിഴങ്ങ് വിളകൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നു. ഒറ്റപ്പാലം മേഖലയില്‍ മാത്രം 300 ഹെക്ടര്‍ നെല്‍കൃഷിയാണ് വന്യമൃഗങ്ങള്‍ നശിപ്പിച്ചത്. കാട്ടുപന്നികളുടെ ശല്യമാണ് കൂടുതലും കര്‍ഷകരെ വലക്കുന്നത്. ചേമ്പ്, ചേന, മറ്റ് വിവിധ തരം കിഴങ്ങ് വര്‍ഗ പച്ചക്കറികള്‍, വാഴ എന്നിവയാണ് നെല്ല് കൂടാതെ വ്യാപകമായി നശിപ്പിക്കുന്നത്. മണ്ണിരയെ പിടിക്കാന്‍ വയല്‍ വരമ്പുകളും വ്യാപകമായി പന്നികള്‍ കുത്തി നശിപ്പിക്കുന്നു.
മയിലിന്റെ ശല്യവും രൂക്ഷമാണ്. പച്ചക്കറി വിളകളുടെ ഇലകളും മയിലുകള്‍ തിന്ന് നശിപ്പിക്കുന്നു. മുമ്പ് റെയില്‍വേ ലൈന്‍ പ്രദേശങ്ങളില്‍ ശല്യം കുറവായിരുന്നു. അടുത്ത കാലത്തായി ഇതിനും മാറ്റം വന്നു. തെങ്കര മെഴുകുംപാറയില്‍ നൂറുകണക്കിന് തെങ്ങുകളും ആയിരക്കണക്കിന് വാഴയുമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
നിലത്തുംമാരെ മണി, താഴെത്തു വീട്ടില്‍ സന്തോഷ്, മാധവന്‍ എന്നിവരുടെ തെങ്ങ്, വാഴ കൃഷികളാണ് വന്‍തോതില്‍ നശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തെങ്കര, ആന മൂളി, തത്തേങ്ങലം മേഖലകളിലാണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്. രണ്ട് കുട്ടിയാനകളുള്‍പ്പെടെ ആറംഗ കാട്ടാനക്കൂട്ടമാണ് നാശം വിതച്ചത്. കാഞ്ഞിരപ്പുഴ പൂഞ്ചോല മേഖലയിലും കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി നശിപ്പിച്ചിരുന്നു.
തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ കൃഷികളാണ് പൂഞ്ചോല മേഖലയില്‍ നശിപ്പിച്ചത്. പാലക്കല്‍ ചെല്ലപ്പന്‍, പാലക്കല്‍ ദാസന്‍ എന്നിവരുടെ കൃഷിയിടങ്ങളിലാണ് മറ്റൊരു ആറംഗ കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചത്.
ലക്ഷങ്ങളുടെ കൃഷി നാശമെന്ന് കര്‍ഷകര്‍ പറയുമ്പോഴും കൃഷിനാശം കണക്കാക്കിവരികയാണെന്ന് അധികൃതര്‍ പറയുന്നു.പൂഞ്ചോല, മാന്തോണി മേഖലകളിലിറങ്ങിയ കാട്ടാനകളെ പടക്കം പൊട്ടിച്ചും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയും നാട്ടുകാര്‍ വനത്തിനുള്ളിലേക്ക് കയറ്റി വിട്ടു. എടത്തനാട്ടുകര, താണിക്കുന്ന്, പൊന്‍പാറ മേഖലകളില്‍ കഴിഞ്ഞയാഴ്ചയാണ് മൂന്നംഗസംഘത്തിന്റെ ഗ്രാമസന്ദര്‍ശനം ഉണ്ടായത്.
ഒട്ടേറെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം മദ്രസ്സയിലേക്ക് പേരക്കുട്ടികളുമായി പോയ തോണിക്കടവന്‍ പാത്തുക്കുട്ടിയും പള്ളത്ത് നസീമയും കാട്ടാനയുടെ മുന്നില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയുമുണ്ടാവാത്തതാണ് കര്‍ഷകരുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കുന്നതെന്ന് കൃഷി ഓഫീസര്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഒറ്റപ്പാലം കൃഷിഭവനില്‍ ചേര്‍ന്ന കാര്‍ഷിക വികസന സമിതി യോഗത്തില്‍ ബിഹാര്‍., ഹിമാചല്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേത് പോലെ വന്യമൃഗങ്ങളെ നിയന്ത്രിക്കാനുള്ള നിയമം കേരളത്തിലും നടപ്പാക്കണമെന്ന് ആവശ്യമുയര്‍ന്നു. മൃഗ- പക്ഷി ശല്യം മൂലം കര്‍ഷകര്‍ കൃഷിയില്‍ നിന്ന് അകലുന്നത് വര്‍ധിക്കുകയാണെന്ന് കൃഷി ഓഫീസര്‍മാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."