ആറു സംസ്ഥാനങ്ങളില്‍ ആയിരം കടന്ന് കൊവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനയ്യായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലധികം കൊവിഡ് കേസുകളും അന്‍പതോളം മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 15,362 ആയി ഉയര്‍ന്നു. 505 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ കൊവിഡ് രോഗികളില്‍ 12,637 ആക്ടീവ് കേസുകളാണ് ഉള്ളത്. 2,220 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇന്ത്യയിലേറ്റവും കൂടുതല്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. 3,648 പേരിലാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ആറു സംസ്ഥാനങ്ങളാണ് ആയിരം കടന്ന് കൊവിഡ് രോഗികളുള്ളത്. തുടക്കം മുതല്‍ രണ്ടാം സ്ഥാനത്തായിരുന്ന കേരളം പത്താം സ്ഥാനത്തേക്ക് മാറി. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയെ കൂടാതെ 1,707 കേസുമായി ഡല്‍ഹിയും, 1,376 കേസുകളുമായി ഗുജറാത്തും, 1,355 കേസുകളുമായി മധ്യപ്രദേശും, 1,372 കേസുകളുമായി തമിഴ്‌നാടും, 1,282 കേസുകളുമായി രാജസ്ഥാനും ഒപ്പമുണ്ട്. മരണസംഖ്യയിലും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം മുന്നിട്ട് നില്‍ക്കുന്നു. മഹാരാഷ്ട്രയില്‍ മാത്രം 201 പേരാണ് മരിച്ചത്. 69 മരണവുമായി മധ്യപ്രദേശ് രണ്ടാം സ്ഥാനത്തുണ്ട്. ഗുജറാത്തില്‍ 53 പേരും, ഡല്‍ഹിയില്‍ 42 പേരുമാണ് ഇതുവരെ മരിച്ചത്. തമിഴ്‌നാട്ടില്‍ 15 പേരും, രാജസ്ഥാനില്‍ 19 പേരും, ഉത്തര്‍ പ്രദേശില്‍ 14 പേരും, തെലങ്കാനയില്‍ 18 പേരും, ആന്ധ്രാപ്രദേശില്‍ 15 പേരും, കര്‍ണാടകയില്‍ 14 പേരും, ബംഗാളില്‍ 10 പേരും പഞ്ചാബില്‍ 16 പേരും ഇതുവരെ മരിച്ചു. ജമ്മു കശ്മിരില്‍ 5 പേരും, ഹരിയാനയില്‍ 3 പേരും, കേരളത്തിലും, ഹിമാചല്‍ പ്രദേശിലും, ജാര്‍ഖണ്ഡിലും രണ്ടു പേര്‍ വീതവും, ബിഹാര്‍, ഒഡിഷ, അസം, മേഘാലയ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. രാജ്യത്തെ വിവിധ ജില്ലകളിലെ കൊവിഡ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കൊവിഡ് കൂടുതല്‍ ബാധിച്ചിരിക്കുന്നത് നഗരപ്രദേശങ്ങളിലാണെന്നാണ് വ്യക്തമാകുന്നത്. അതും സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന പ്രദേശങ്ങളിലെല്ലാം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുംബൈയും ഡല്‍ഹിയും തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. കഴിഞ്ഞ ഒരുമാസത്തിനടുത്തായി രാജ്യം ലോക്ക് ഡൗണിലൂടെ കടന്ന് പോകുമ്പോഴാണ് രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം കൊവിഡ് ഭയത്തിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളും സാമ്പത്തിക കേന്ദ്രങ്ങളുമായ നഗരങ്ങളെല്ലാം കേന്ദ്രത്തിന്റെ റെഡ് സോണിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വ്യാവസായിക തലസ്ഥാനമായ മുംബൈ, രാജ്യ തലസ്ഥാനമായ ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, പൂനെ, ജയ്പൂര്‍, ഭോപ്പാല്‍, ഇന്‍ഡോര്‍, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ റെഡ് സോണിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നാളെ മുതല്‍ ഇളവ് വരുമെന്ന് പറയുമ്പോഴും മെട്രോപൊളിറ്റന്‍ സിറ്റികളിലും പ്രധാന കേന്ദ്രങ്ങളിലും ഈ ഇളവ് യാതൊരു മാറ്റവും വരുത്താന്‍ പോകുന്നില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രാജ്യത്ത് 170 ജില്ലകളാണ് കൊവിഡ് ഹോട്‌സ്‌പോട്ടുകളായുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."