രാഷ്ട്രീയം പറഞ്ഞ് അമേരിക്കയും
വാഷിങ്ടണ്‍: മഹാമാരിക്കിടെ രാഷ്ട്രീയ സംവാദത്തിനു പ്രസക്തിയുണ്ടോയെന്ന ചോദ്യത്തിനുപോലും അമേരിക്കയില്‍ പ്രസക്തിയില്ല. കൊവിഡ് മഹാമാരിയില്‍ പ്രതിസന്ധിയില്‍ മുങ്ങുമ്പോഴും അമേരിക്കയില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കു കുറവൊന്നുമില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകാധിപതിയെപ്പോലെ പെരുമാറുകയും ഉത്തരവിടുകയും ചെയ്യുകയാണെന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. നിങ്ങള്‍ രാജ്യത്തിന്റെ പ്രസിഡന്റാണ്, രാജാവല്ലെന്നാണ് പ്രതിപക്ഷം ട്രംപിനെ ഓര്‍മപ്പെടുത്തുന്നത്.
ട്രംപിനെതിരേ ആരോപണവുമായി ഇന്നലെ വാഷിങ്ടണ്‍ ഗവര്‍ണര്‍ രംഗത്തെത്തി. ട്രംപ് രാജ്യത്തെ അപകടാവസ്ഥയിലേക്കു തള്ളിവിടുന്നുവെന്നാണ് ഗവര്‍ണര്‍ ജയ് ഇന്‍സ്‌ലീ ആരോപിച്ചത്. ട്രംപ് ആഭ്യന്തര കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച അദ്ദേഹം, വിവിധ വിഷയങ്ങളില്‍ പ്രസിഡന്റ് കളവാണ് പറയുന്നതെന്നും ആരോപിച്ചു. നേരത്തെ, ഡെമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണര്‍മാരുടെ നിയന്ത്രണത്തിലുള്ള മൂന്നു സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയും ജനങ്ങളെ സ്വതന്ത്രരാക്കണമെന്ന് തന്റെ അനുകൂലികളോട് ആവശ്യപ്പെട്ടും ട്രംപ് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പ്രസിഡന്റ് ജനങ്ങളുടെ ജീവന്‍വച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി വാഷിങ്ടണ്‍ ഗവര്‍ണറടക്കമുള്ളവര്‍ രംഗത്തെത്തിയത്.
വൈറസ് വ്യാപനം നിയന്ത്രണാതീതമെന്ന് ട്രംപിന്റെ കീഴിലുള്ള ഭരണകൂടംവരെ വ്യക്തമാക്കുമ്പോഴാണ് ട്രംപ് രാഷ്ട്രീയം കളിക്കുന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു.
വീടുകളില്‍ കഴിയണമെന്ന ജാഗ്രതാ നിര്‍ദേശം അവഗണിക്കാനാണ് പ്രസിഡന്റ് പരോക്ഷമായി ആവശ്യപ്പെടുന്നത്. ലിബറേറ്റ് മിനസോട്ട, ലിബറേറ്റ് മിഷിഗണ്‍, ലിബറേറ്റ് വിര്‍ജീനിയ എന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ട ട്രംപ്, ന്യൂയോര്‍ക്ക് ഗവര്‍ണറെയും അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. കൂടുതല്‍ സമയം ജോലിയെടുക്കൂ, പരാതികള്‍ കുറയ്ക്കൂവെന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്.
അതത് സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങളെക്കുറിച്ച് ഗവര്‍ണര്‍മാര്‍ തീരുമാനിക്കണമെന്ന മുന്‍ പ്രസ്താവനയ്ക്കു വിരുദ്ധമായാണ് കഴിഞ്ഞ ദിവസങ്ങളിലെ ട്രംപിന്റെ ഇടപെടല്‍. അമേരിക്കയില്‍ കൊവിഡിന്റെ രൂക്ഷവ്യാപനം കഴിഞ്ഞെന്നും നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുമെന്നും വ്യക്തമാക്കി അദ്ദേഹം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍, അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം ഏഴു ലക്ഷം പിന്നിട്ടിരിക്കുകയാണ്. രാജ്യത്ത് മരണസംഖ്യ 37,000 പിന്നിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."