കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശം
ബദിയഡുക്ക: ഇന്നലെ പുലര്‍ച്ചെ ആഞ്ഞടിച്ച കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. ബേള ധര്‍ബ്ബത്തടുക്ക സെന്റ് ബര്‍ത്തലോമിയസ് കോണ്‍വെന്റ് സ്‌കൂളിന് സമീപത്തെ റോഡരികില്‍ മരം പൊട്ടിവീണു. പെര്‍ള മണിയംപാറ ചെമ്പ്രക്കാനത്തെ ചുക്രനും കുടുംബവും താമസിച്ചിരുന്ന ഷെഡ് പൂര്‍ണമായും നിലംപൊത്തി. എണ്‍മകജെ പഞ്ചായത്തില്‍നിന്ന് ചുക്രന് ഭവന നിര്‍മ്മാണത്തിനുള്ള ധന സഹായം ലഭിച്ചിരുന്നു. അതിനാല്‍ ചുക്രനും കുടുംബവും ഷെഡിലാണ് താമസം. എന്നാല്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഷെഡിനകത്ത് വെള്ളം കെട്ടിനിന്നതിനാല്‍ ചുക്രനും കുടുംബവും സമീപത്തെ വാടക മുറിയിലേക്ക് താമസം മാറിയിരുന്നു. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മുള്ളേരിയ കിന്നിംഗാര്‍ റോഡില്‍ മരംവീണ് ഗതാഗതം മണിക്കുറുകളോളം തടസപെട്ടു. മണിക്കൂറുകള്‍ക്ക് ശേഷം മരം മുറിച്ചുമാറ്റി ഗതാഗതം പുനര്‍സ്ഥാപിച്ചു.
ചെറുവത്തൂര്‍: ശക്തമായ മഴയില്‍ വീട് തകര്‍ന്നു. പിലിക്കോട് മട്ടലായിയിലെ കെ. മാധവിയുടെ വീടാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ തകര്‍ന്നത്. ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വീട്ടുപകരണങ്ങളും നശിച്ചു. വീട്ടുകാര്‍ തൊട്ടടുത്ത വീട്ടില്‍ ആയിരുന്നതിനാല്‍ അപകടം ഒഴിവായി. എം. രാജഗോപാലന്‍ എം.എല്‍.എയും റവന്യു വകുപ്പ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.
കാസര്‍കോട്: കനത്ത മഴയില്‍ ചുറ്റുമതില്‍ വീട്ടിലേക്ക് തകര്‍ന്നു വീണു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഉപ്പള ഗോള്‍ഡന്‍ ഗല്ലിയില്‍ താമസിക്കുന്ന ഖൈറുന്നിസയുടെ വീട്ടിലേക്കാണ് തൊട്ടടുത്ത പറമ്പിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണത്. മതില്‍ ഇടഞ്ഞുവീണതിനെ തുടര്‍ന്ന് വീടും കിണറും തകര്‍ന്നു.
സംഭവ സമയത്ത് വീടിന്റെ പരിസരത്ത് കുട്ടികള്‍ കളിച്ചു കൊണ്ടിരുന്നെങ്കിലും ഭാഗ്യത്തിന് ഇവരുടെ ദേഹത്തേക്ക് മതില്‍ വീണില്ല. മതിലിന്റെ ബാക്കി ഭാഗവും ഏതു സമയത്തും ഇടിഞ്ഞു വീഴാന്‍ പാകത്തിലാണ് സ്ഥിതി ചെയ്യുന്നത്.
അപകട വിവരമറിഞ്ഞു ഉടമസ്ഥനെ ബന്ധപ്പെട്ടെങ്കിലും അയാള്‍ ഫോണെടുത്തില്ലെന്നു വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ തഹസിദാര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് വീട്ടുകാര്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."