കൊറോണ ഭീതിയില്‍ മാലിദ്വീപ് പ്രവാസികള്‍
കോഴിക്കോട്: ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റ് ദ്വീപുകള്‍ ഉള്‍കൊള്ളുന്ന ഒരു കൊച്ചു രാജ്യമാണ് മാലിദ്വീപ് . നാലു ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള, ആയിരത്തി ഇരുന്നൂറോളം ദ്വീപുകളായി ചിതറിക്കിടക്കുന്ന ഈ രാജ്യത്ത് അയ്യായിരത്തോളം മലയാളികളും അതിന്റെ എത്രയോ ഇരട്ടി മറ്റ് ഇന്ത്യക്കാരും ഉണ്ട്. മിക്കവരും അദ്ധ്യാപകരും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുമാണ്.
കഴിഞ്ഞ ആഴ്ച്ച വരെ കൊവിഡ് ആക്രമണം വലിയ രീതിയില്‍ ബാധിക്കാത്ത മാലിദ്വീപിലെ ഇന്നത്തെ അവസ്ഥ ഭീതിജനകമാണ്. മൊത്തം ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം രാജ്യ തലസ്ഥാനമായ മാലെ സിറ്റിയിലാണ്. അവിടെയാണ് നാല് ദിവസ്സം മുമ്പ് ഒരാള്‍ക്ക് കൊവിഡ് ബാധയുണ്ടായത്. മുമ്പും ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും അത് ഒറ്റപ്പെട്ട് കിടക്കുന്ന ടൂറിസ്റ്റ് ദ്വീപുകളില്‍ മാത്രമായിരുന്നു. ഇന്ന് മൊത്തം ബാധിതരുടെ എണ്ണം അമ്പത് കഴിഞ്ഞു. ഓരോ ദിവസവും രോഗികളുടെ എണ്ണം ഇരട്ടിക്കുകയാണ്. രോഗബാധിതനായ ആള്‍ക്ക് രോഗം എവിടെ നിന്ന് ലഭിച്ചു എന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനാലും രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളിലും എത്തിച്ചേര്‍ന്നതിനാലും സാമൂഹ്യവ്യാപനതത്തിലേക്ക് കാര്യങ്ങള്‍ എത്തി എന്ന് ഗവണ്മെന്റ് തന്നെ അറിയിച്ചു കഴിഞ്ഞു.
മാലെ സിറ്റിയില്‍ മാത്രം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു. മറ്റ് ദ്വീപുകളിലേക്ക് മരുന്നും ഭക്ഷണവും മറ്റ് ആവശ്യ സാമഗ്രികളും എത്തുന്നത് ഈ സിറ്റി വഴി മാത്രമാണ്. ഇവിടെയാണ് കാര്യങ്ങള്‍ കൂടുതല്‍ ഗൗരവകരമാവുന്നത്. നിലവില്‍ രാജ്യത്ത് ആശുപത്രി സംവിധാനങ്ങളുംമറ്റും തദ്ദേശീയരര്‍ക്ക് തന്നെ അപര്യാപ്തമാണ്. ഭക്ഷ്യ ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ എല്ലാ നിലയിലുമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെങ്കിലും ദ്വീപുകളിലേക്ക് വ്യാപനം എത്തിച്ചേര്‍ന്നാല്‍ അനിയന്ത്രിതമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കടുത്ത പട്ടിണിയുടെ വരും ദിനങ്ങളെയും പ്രവാസികള്‍ ഭീതിയോടെ കാണുന്നു. മിഡില്‍ഈസ്റ്റ് രാജ്യങ്ങളോ യൂറോപ്പ്യന്‍ രാജ്യങ്ങളൊ ആയി ഇവിടുത്തെ സംവിധാനങ്ങളെ താരതമ്യം ചെയ്യാന്‍ പോലും സാധിക്കില്ല. സ്ഥിതി ഏറെ വ്യത്യസ്തമാണ്.
നിലവില്‍ ഒരു മലയാളിക്ക് പോലും രോഗബാധ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ഇവരെ ഇപ്പോള്‍ നാട്ടിലെത്തിച്ചാല്‍ അത് സര്‍ക്കാരിനെയോ കൊ വിഡ് സംവിധാനങ്ങളെയോ യാതൊരു രീതിയിലും ബാധിക്കുകയില്ല. ആയതിനാല്‍ ഈ ഒറ്റപ്പെട്ടു കിടക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ദ ചെലുത്തുകയും സത്വരനടപടികള്‍ എടുക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്. വ്യോമായന ഗതാഗതം അടഞ്ഞ് കിടക്കുന്നതിനാല്‍ ജലഗതാഗത്തിന്റെ സാധ്യത ആലോചിക്കാവുന്നതാണെന്ന് ഇവിടെത്തെ പ്രവാസികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. മാലിദ്വീപ് പ്രവാസികളുടെ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിവേദനം അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."