തെരുവ് വിളക്കുകള്‍ കത്തുന്നില്ല; ചെയര്‍മാനെ ഉപരോധിച്ചു
ചെങ്ങന്നൂര്‍: നഗരസഭ പ്രദേശത്തെ തെരുവ് വിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്, ബി.ജെ.പി-എന്‍.ഡി.എ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭ കവാടത്തിലും ചെയര്‍മാന്റെ ക്യാബിനുമുമ്പിലുമായി ഉപരോധ സമരം നടത്തി. നഗരസഭ പ്രദേശത്തെ ഭൂരിപക്ഷം വിളക്കുകളും കത്താതായിട്ട് മാസങ്ങളായി. കൗണ്‍സില്‍ നിലവില്‍ വന്നിട്ട് എട്ടുമാസം പിന്നിട്ടു. ഇതിനിടെ ഒരുതവണ മാത്രമാണ് ലൈറ്റ് തെളിയിക്കാന്‍ നടപടി സ്വീകരിച്ചത്.
കൗണ്‍സില്‍ യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചെയര്മാന് താല്‍പ്പര്യം കാട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ഉപരോധസമരം സംഘടിപ്പിച്ചത്.
ഈ നില തുടര്‍ന്നാല്‍ നഗരസഭ ഓഫീസ് പ്രവര്‍ത്തനം തന്നെ സ്തംഭിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് ബി.സുദീപ് അറിയിച്ചു. ഉപരോധസമരം രാവിലെ എട്ടുമുതല്‍ അഞ്ചുമണി വരെ തുടര്‍ന്നു. ചൂട്ടുകറ്റയും മണ്ണെണ്ണ വിളക്കും കത്തിച്ചുകൊണ്ടാണ് എന്‍.ഡി.എക്കാര്‍ സമരം നടത്തിയത്. എല്‍.ഡി.എഫുകാര്‍ മെഴുകുതിരി കത്തിച്ചു വെച്ചിരുന്നു. തെരുവ് വിളക്കുകള്‍ കത്തിക്കുക, മഴക്കാല ശുചീകരണം നടത്തുക,
വഴിയരികിലെ കാടുകള്‍ വെട്ടിത്തെളിക്കുക, ഭരണത്തിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ധര്‍ണ്ണ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."