കൊവിഡിന്റെ മറവില്‍ പ്രതികളുടെ ജാമ്യശ്രമം
കാസര്‍കോട്: കൊവിഡിന്റെ മറവില്‍ റിയാസ് മുസ്ലിയാര് വധക്കേസിലെ പ്രതികളുടെ ജാമ്യശ്രമം. ഇതിനെ പ്രോസിക്യൂഷന് ഭാഗം ശക്തമായി എതിര്‍ത്തു. പ്രതികളായ എസ്. നിധിന് (22), അഖിലേഷ് (27) എന്നിവരാണ് ജില്ലാ കോടതിയില്‍ കഴിഞ്ഞ ദിവസം ജാമ്യത്തിനു വേണ്ടി ഹരജി നല്‍കിയത്.
സംസ്ഥാനത്തെ ജയിലുകളില്‍ കൊവിഡ് ബാധയുണ്ടാകുമെന്ന നിഗമനത്തില്‍ പ്രതികളെ വിട്ടയക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ജാമ്യത്തിന് ശ്രമിച്ചതെന്നാണ് സൂചന. ഒരാള്‍ അസുഖം ഉണ്ടെന്നും മറ്റെയാള്‍ മൂന്നു വര്‍ഷമായി വിചാരണ കാത്ത് ജയിലില്‍ കഴിയുകയാണെന്നും കാണിച്ചാണ് ജാമ്യഹരജി നല്‍കിയത്.അതേസമയം, 2018 ഓഗസ്റ്റ് ഒന്നിന് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹരജി ഹൈക്കോടതി തള്ളിയ കാര്യം പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറയാനിരിക്കെയാണ് പ്രതികള്‍ ജാമ്യശ്രമം നടത്തിയത്. പ്രതികള്‍ നിര്‍ദേശിച്ച ഒരു സാക്ഷിയെ മാത്രമാണ് ഇനി വിസ്തരിക്കാനുള്ളത്. കോടതിയില്‍ വിചാരണ വേളക്കിടെ പ്രസ്തുത സാക്ഷിയെ ഹാജരാക്കാന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല.
കേസില്‍ ഇനി ചെറിയ സാങ്കേതിക കാര്യങ്ങള്‍ മാത്രമാണുള്ളത്. ഇതിനിടെ കേസ് പരിഗണിച്ച ജഡ്ജി സ്ഥലം മാറിപ്പോയിരുന്നു. തുടര്‍ന്ന് പുതിയ ജഡ്ജി സ്ഥാനം ഏറ്റെടുക്കുമ്പോഴേക്കാണ് ജില്ലയില്‍ ലോക്ക് ഡൗണ്‍ നിലവില്‍വന്നത്. 2017 മാര്‍ച്ച് 20നാണ് കൊടക് സ്വദേശിയും കാസര്‍കോട് പഴചൂരി മദ്റസ അധ്യാപകനുമായിരുന്ന റിയാസ് മുസ്ലിയാരെ സംഘ്പരിവാര്‍ പ്രവര്‍ത്തകരായ മൂന്നുപേര്‍ ചേര്‍ന്ന് മസ്ജിദ് കെട്ടിടത്തിലെ മുറിയില്‍ കയറി അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."