കൊല്ലം സ്വദേശി വഴിയരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കോട്ടയം: കൊല്ലം സ്വദേശിയെ നഗരമധ്യത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം മുളവന ഇടമല മുകളുവിള വീട്ടില്‍ ബിജു (46) വിനെയാണ് ശാസ്ത്രി റോഡില്‍ പെട്രോള്‍ പമ്പിന് സമീപത്തെ കെട്ടിടത്തിനു മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. നേരത്തെ നാഗമ്പടത്തുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ ബിജുവിനെ കഴിഞ്ഞ എട്ടിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനു ശേഷം സന്നദ്ധസംഘടനകളും സമീപ വാസികളുമാണ് ഇയാള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്.
നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ഇവിടെ അലഞ്ഞു തിരിയുന്ന ആളുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ക്കു നേരത്തെ പരുക്കേറ്റതെന്നാണ് വിവരം. രണ്ടു ദിവസം മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ബിജുവിനെ സ്വന്തം ആവശ്യ പ്രകാരം ശാസ്ത്രി റോഡില്‍ ഇറക്കി വിട്ടതായി മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരും വ്യക്തമാക്കുന്നു. ഇതിനിടെ ഇയാളെ തേടി പൊലിസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും താന്‍ മറ്റൊരിടത്തേക്കും വരുന്നില്ലെന്ന് അറിയിച്ചതായി പൊലിസ് പറഞ്ഞു. തുടര്‍ന്നാണ് ഇന്നലെ വൈകിട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലിസ്, മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റ് മോര്‍ട്ടം നടക്കുന്നതോടെയേ മരണ കാരണം വ്യക്തമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."