ഫലം പിഴയ്ക്കുന്നു, ദ്രുതപരിശോധന രണ്ടു ദിവസം നിര്‍ത്തിവയ്ക്കും
ന്യൂഡല്‍ഹി: പരിശോധനാഫലം കൃത്യമല്ലെന്ന പരാതിയുയര്‍ന്ന പശ്ചാത്തലത്തില്‍ ദ്രുതപരിശോധനാ കിറ്റുകള്‍ ഉപയോഗിക്കുന്നത് രണ്ടു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായി ഐ.സി.എം.ആര്‍ വ്യക്തമാക്കി.
കിറ്റുകള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുമെന്നും ഐ.സി.എം.ആര്‍ എപിഡമിയോളജി വിഭാഗം തലവന്‍ രമണ്‍ ആര്‍.ഗംഗാഖേദ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കിറ്റുകള്‍ പരിശോധിക്കുന്നതിനായി സംസ്ഥാനങ്ങളിലേക്ക് പ്രതിനിധികളെ അയക്കും. തുടര്‍ന്നായിരിക്കും മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുക.കിറ്റുകള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അത് മാറ്റിത്തരാന്‍ കമ്പനികളോട് ആവശ്യപ്പെടും.രാജസ്ഥാന്‍ ഉള്‍പ്പടെ നിരവധി സംസ്ഥാനങ്ങള്‍ കിറ്റുകളുടെ പരിശോധനാ ഫലം കൃത്യമല്ലെന്ന പരാതി ഉന്നയിച്ചിട്ടുണ്ട്. പരിശോധനാ ഫലം 5.4 ശതമാനം മാത്രമേ കൃത്യമാകുന്നുള്ളുവെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ കിറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുകയും ചെയ്തു. ഇതു വസ്തുതയാണെന്ന് ബോധ്യപ്പെട്ടതായി രമണ്‍ ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞു.
അഞ്ചു ലക്ഷം ദ്രുതപരിശോധനാ കിറ്റുകളാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തത്. 90 ശതമാനം കൃത്യത അവകാശപ്പെടുന്നതാണ് കിറ്റുകള്‍.ദ്രുതപരിശോധനാ കിറ്റുകള്‍ വഴി രക്തപരിശോധന നടത്തിയാണ് കൊവിഡ് വൈറസ് സാന്നിധ്യം കണ്ടെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."