ചില ശക്തികള്‍ ഇതിനു വേണ്ടി ഒരുങ്ങി പുറപ്പെട്ടിരിക്കുകയാണ്; അവര്‍ക്കു വേണ്ടി സമയം കളയാന്‍ ഞാനില്ല- സ്പ്രിങ്ക്ളർ വിവാദത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: സ്പ്രിങ്ക്ളർ വിവാദത്തില്‍ മറുപടി പറയാനില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ശക്തികള്‍ ഇതിനു പിന്നാലെ ഒരുങ്ങി പുറപ്പെട്ടിരിക്കുകയാണെന്നും അവര്‍ക്കു വേണ്ടി സമയം കളയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് അവലോകന വാര്‍ത്താസമ്മേളനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ നിരന്തരം ചോദ്യമുന്നയിച്ചു. കോടതി പരാമര്‍ശത്തെ ചൂണ്ടിക്കാണിച്ചായിരുന്നു ആദ്യചോദ്യം. വിവര ശേഖരണത്തിന്റെ ഭാഗമായി കൂടിയാണ് ഹൈക്കോടതി ചോദ്യങ്ങളുന്നയിച്ചത്. അതിന്റെ പരിശോധന നടക്കട്ടേ. ഏതു കോടതിയും സ്വാഭാവികമായി ചെയ്യുന്ന കാര്യമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മടിയില്‍ കനമുള്ളവനല്ലേ പേടിക്കേണ്ടതുള്ളൂ. ആ നില തന്നെയാണ് ഇപ്പോഴുമുള്ളത്. രാഷ്ട്രീയക്കാര്‍ പരസ്പരം ആരോപണങ്ങളുന്നയിക്കും. എന്നാല്‍ ഉദ്യോഗസ്ഥരെ ആ രംഗത്തേക്ക് കൊണ്ടുവരുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
പ്രതിപക്ഷ ആരോപണങ്ങളെപ്പറ്റി വീണ്ടും ചോദിച്ചപ്പോള്‍, അത്തരത്തില്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ എനിക്ക് മറുപടി പറയാനാവില്ലെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."