കറന്റില്ല, വെള്ളമില്ല, ഉപയോഗ ശൂന്യമായ ശുചിമുറികള്‍- ഉത്തര്‍പ്രദേശില്‍ കൊവിഡ് മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ താമസിക്കുന്ന സ്‌കൂളിന്റെ അവസ്ഥ ഇങ്ങനെ
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസിക്കാന്‍ സര്‍ക്കാര്‍ ഏര്‍പാടാക്കിയ സ്‌കൂളിന്റെ ശോചനീയാവസ്ഥ പുറത്ത്. ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ സംഘം തന്നെയാണ് സ്‌കൂളിന്റെ അവസ്ഥ കാണിക്കുന്ന ചിത്രങ്ങളും വീഡിയോയും പുറത്തു വിട്ടത്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പു നല്‍കി ദിവസം പിന്നിടും മുമ്പാണ് ഈ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ജില്ലയിലെ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഇവരെ ആശുപത്രിക്ക് സമീപം തന്നെയുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് താമസിപ്പിച്ചിരിക്കുന്നത്. കൊവിഡ് രോഗികളുമായി ഇടപഴകുന്നതിനാല്‍ ഇവര്‍ക്ക് വീടുകളിലേക്ക് പോവാന്‍ കഴിയുകയില്ല. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കും ഉച്ചക്കുമായി ചിത്രീകരിച്ച രണ്ട് വീഡിയോയും പരാതിക്കൊപ്പമുണ്ട്.
'ഇത് പുലര്‍ച്ചെ മൂന്നുമണിയാണ്. ഇവിടെ കറന്റില്ല. ഒരു റൂമില്‍ നാല് കട്ടിലുകളുണ്ട്. ഇത് ഫൈവ് സ്റ്റാര്‍ ക്ലാസ് റൂമാണ്. എന്നിട്ടും ഇവിടെ ഒരു ഫാന്‍ പോലുമില്ല. ഇവിടെ ടോയ്‌ലറ്റുകളില്‍ പൈപ്പില്ല വെള്ളമില്ല. കക്കൂസുകള്‍ ഉപയോഗ ശൂന്യമാണ്'- വീഡിയോയില്‍ പറയുന്നു.
പോളിത്തീന്‍ കവറുകളിലാണ് ഇവര്‍ക്ക് കഴിക്കാന്‍ കൊണ്ടുവന്ന ഭക്ഷണം പാക്ക് ചെയ്തിരിക്കുന്നത്.
കൊവിഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത്യാവശ്യ സുരക്ഷാ ഉപകരണങ്ങള്‍ പോലും പലയിടത്തും ലഭ്യമല്ലെന്ന പരാതി വ്യാപകമായിരുന്നു. സൂചനാ പ്രതിഷേധം നടത്താനുള്ള നീക്കത്തിലായിരുന്നു ആള്‍ ഇന്ത്യാ മെഡിക്കല്‍ അസോസിയേഷന്‍. കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുടെ എല്ലാ നിലക്കുമുള്ള സുരക്ഷ ഉറപ്പു വരുത്തുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പു നല്‍കിയ ശേഷമാണ് പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."