HOME
DETAILS
MAL
കേടായ ദ്രുതപരിശോധനാ കിറ്റുകള്‍ തിരിച്ചയക്കും: കേന്ദ്ര ആരോഗ്യമന്ത്രി
backup
April 25 2020 | 02:04 AM
ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്ത കേടായ കൊവിഡ് ദ്രുതപരിശോധനാ കിറ്റുകള്‍ ഇറക്കുമതി ചെയ്ത രാജ്യത്തേക്ക് തിരിച്ചയയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. കെ ഹര്‍ഷ് വര്ദ്ധന്.
ഇറക്കുമതി ചെയ്തത് ചൈനയില്നിന്നായാലും മറ്റേതു രാജ്യത്തുനിന്നായാലും തിരിച്ചയക്കുമെന്നും കിറ്റുകള്‍ക്ക് ഇതു വരെ പണം നല്‍കിയിട്ടില്ലെന്നും സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഹര്‍ഷ് വര്ദ്ധന് പറഞ്ഞു.
റാപ്പിഡ് ടെസ്റ്റ് കിറ്റുകളില്‍ ലഭിക്കുന്ന ഫലത്തില്‍ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കിറ്റുകള്‍ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്താന്‍ ഐ.സി.എം.ആര് നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
സംസ്ഥാനങ്ങള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും കേന്ദ്രം സഹായം ചെയ്യാന്‍ ഒരുക്കമാണ്. ആവശ്യമെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അവിടേക്ക് അയക്കാം. പരസ്പരം കൈകോര്‍ത്തുള്ള നടപടികളാണ് കൊവിഡിനെതിരായ പോരാട്ടത്തില്‍ വേണ്ടത്. മൂന്നരമാസത്തോളമായി നാം കൊവിഡിനെതിരായി പൊരുതുന്നു. എല്ലാ സംസ്ഥാനങ്ങളും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. ഏറ്റവും കുറച്ച് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലോകത്തെ ഒരേ ഒരു രാജ്യമാണ് ഇന്ത്യ. കൊവിഡിനെതിരായ പോരാട്ടത്തില്‍ നമ്മള് ശരിയായ പാതയിലാണ്. കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് നമ്മളിത് വരെ കടന്നിട്ടില്ല. അതുസംസ്ഥാനങ്ങള് ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചത് കൊണ്ടാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."