കൊവിഡ് കാലത്തും പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുമ്പോള്‍
ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം ഒരു ആഗോള അടിയന്തരാവസ്ഥയിലൂടെ ലോകം കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയിലെ ബി.ജെ.പി ഭരണകൂടം യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ മുസ്‌ലിം ആക്ടിവിസ്റ്റുകള്‍ക്കെതിരേ രാഷ്ട്രീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആരോഗ്യ അടിയന്തരാവസ്ഥയുടെ മറവിലാണ് ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ അവകാശങ്ങള്‍ റദ്ദു ചെയ്യുന്ന ഈ രാഷ്ട്രീയ അടിയന്തരാവസ്ഥ നടപ്പിലാക്കുന്നത്. പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി വികസിച്ച മുസ്‌ലിം ആക്ടിവിസ്റ്റ് ബ്ലോക്കിനെ ഇല്ലാതാക്കാനാണ് സവര്‍ണ ഫാസിസ്റ്റുകള്‍ കിണഞ്ഞു ശ്രമിക്കുന്നത്. മാത്രമല്ല, പൗരത്വ പ്രശ്‌നം ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയാസ്തിത്വത്തിനു മേല്‍ ഒരിക്കലും തീരാത്ത വെല്ലുവിളിയായി മാറുന്നുവെന്നാണ് നാം മനസ്സിലാക്കേണ്ടത്.
വിമത സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന തരത്തില്‍ ജനാധിപത്യ വിരുദ്ധ ശക്തികളും സ്വേഛാധിപത്യ ശക്തികളും ആരോഗ്യ അടിയന്തരാവസ്ഥയെ അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമെന്ന ഭീതി ഇപ്പോള്‍ ശരിയായിരിക്കുന്നു. ജനങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ രോഗ സംരക്ഷണത്തിന്റെ പേരിലും ജീവ സംരക്ഷണത്തിന്റെ പേരിലും ഒരു ഫാസിസ്റ്റ് ഭരണകൂടം നിയന്ത്രിക്കുമ്പോള്‍ അത് ഘടനാപരമായി തന്നെ പൗരസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നീക്കമാണെന്ന നിരീക്ഷണത്തിനു ബലമേകുന്ന സംഭവവികാസങ്ങളാണ് നടക്കുന്നത്. ഭരണകൂടത്തിനകത്തുള്ള വംശീയ ശക്തികള്‍ രാഷ്ട്രീയ അടിച്ചമര്‍ത്തലിനുള്ള വഴിയായി ഇതുപയോഗിക്കുന്നുവെന്നത് ജാഗ്രതയോടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. ലോക്ക് ഡൗണിനു ശേഷം അനിവാര്യമായും വികസിക്കേണ്ട പൗരത്വ പ്രക്ഷോഭത്തെ തടഞ്ഞു നിര്‍ത്താനാണ് മോദി ഭരണകൂടം ഈ അടിച്ചമര്‍ത്തല്‍ രീതികള്‍ പരീക്ഷിക്കുന്നത്.
പൗരത്വ വിവേചന നിയമങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ഇന്ത്യയില്‍ മുസ്‌ലിംകളെ പൗരരഹിതരാക്കിയും രാഷ്ട്രരഹിതരാക്കിയും സംഘ്പരിവാര്‍ നടത്തുന്ന ഫാസിസ്റ്റ് കടന്നാക്രമണം ഇപ്പോള്‍ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. കൊറോണ വൈറസ് ലോക വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് പൊതുതാല്‍പര്യവും രാഷ്ട്രീയ നൈതികതയും കണക്കിലെടുത്ത പ്രക്ഷോഭകര്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി മാറി നിന്നത്. സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ഭരണകൂടം തന്നെ എന്‍.പി.ആര്‍ നടപടികള്‍ മാറ്റിവയ്ക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിലുള്ള മുസ്‌ലിം സാമൂഹിക പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരേയും അറസ്റ്റു ചെയ്യാനും വ്യക്തിപരമായി കടന്നാക്രമിക്കാനും അവരെ യു.എ.പി.എ അടക്കമുള്ള ജാമ്യം ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി ജയിലിലടക്കാനുമാണ് മോദി സര്‍ക്കാരും അവരെ പിന്തുണക്കുന്നവരും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇതിനെതിരേ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത.
പൗരത്വ പ്രശ്‌നം രാജ്യത്തെ മുസ്‌ലിംകളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. കൊറോണ കാലം ആവട്ടെ ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുന്ന ഒരു പൊതുപ്രശ്‌നമാണ്. മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും പറ്റി സംസാരിക്കുന്ന ഭരണകൂടമോ അവരുടെ വിമര്‍ശകരായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മുതല്‍ സി.പി.എം വരെയുള്ള പ്രതിപക്ഷമോ മുസ്‌ലിംകളുടെ രാഷ്ട്രീയ അവകാശത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും പ്രശ്‌നം വരുമ്പോള്‍ നിശബ്ദത പാലിക്കുകയോ ഔപചാരിക പ്രതിഷേധങ്ങളില്‍ അഭിരമിക്കുകയോ മാത്രമാണ് ചെയ്യുന്നത്.
രണ്ട് കാരണങ്ങള്‍ പറഞ്ഞാണ് ഉത്തരേന്ത്യയില്‍ മുസ്‌ലിം ആക്ടിവിസ്റ്റുകള്‍ക്കെതിരേ അറസ്റ്റുകള്‍ നടക്കുന്നത്. ഒന്ന്, പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ ആളുകളെ തെരുവിലിറക്കാന്‍ ഗൂഢാലോചന നടത്തി. രണ്ടാമതായി, ഡല്‍ഹിയില്‍ മുസ്‌ലിംകളുടെ ജീവനും സ്വത്തും മറ്റു ജീവിതോപാധികളും നശിപ്പിക്കപ്പെട്ട വംശഹത്യയില്‍ പങ്കുണ്ടെന്നാരോപിക്കുക. ഈ അറസ്റ്റില്‍ എല്ലാം തന്നെ പൗരത്വ പ്രശ്‌നങ്ങളില്‍ നേരിട്ടിടപെട്ട യുവ മുസ്‌ലിം ആക്ടിവിസ്റ്റുകളെ നിശബ്ദമാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഷഹീന്‍ ബാഗ് പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളെയാണ് ജാമിഅ മില്ലിയയില്‍ നിന്ന് പൊലിസ് അറസ്റ്റ് ചെയ്യുന്നത്. ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാണ് പൊലിസ് പറയുന്ന ന്യായം. എന്നാല്‍ ഡല്‍ഹി വംശഹത്യക്കു പ്രേരണ നല്‍കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച കപില്‍ മിശ്ര അടക്കമുള്ള സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ യാതൊരു പ്രശ്‌നവുമില്ലാതെ വിലസുന്നുണ്ട്. യഥാര്‍ഥത്തില്‍ ലോക്ക് ഡൗണിനു ശേഷം പ്രക്ഷോഭം പുനരാരംഭിക്കാനുള്ള സാധ്യതയെയാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഷഹീന്‍ ബാഗിലെ സമരപ്പന്തലും ജാമിഅ മില്ലിയ്യയിലെ ചുവര്‍ ചിത്രങ്ങളും നശിപ്പിച്ച നടപടിയും ഭരണകൂടത്തിന്റെ പ്രതിക്കാര മനോഭവമല്ലാതെ മറ്റൊന്നല്ല.
താഹിര്‍ ഹുസൈന്‍, ശര്‍ജീല്‍ ഇമാം, മൗലാനാ താഹിര്‍ മദനി, മീരാന്‍ ഹൈദര്‍, ആമിര്‍ മിന്റ്യൂയി, ചെങ്കിസ് ഖാന്‍, ഉമര്‍ ഖാലിദ് ( ലഖ്‌നൗ ), കഫീല്‍ ഖാന്‍, സഫൂറ സര്‍ഗാര്‍, ഖാലിദ് സെയ്ഫി, ഉമര്‍ ഖാലിദ് (ഡല്‍ഹി) തുടങ്ങിയ നിരവധി മുസ്‌ലിം ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും അവരുടെ മേല്‍ യു.എ.പി.എ, രാജ്യദ്രോഹം അടക്കമുള്ള കനത്ത വകുപ്പുകള്‍ ചുമത്തി ജയിലിലടക്കുകയുമാണ് ഭരണകൂടം ചെയ്യുന്നത്. ശര്‍ജില്‍ ഉസ്മാനി അടക്കമുള്ള ആക്ടിവിസ്റ്റുകളുടെ പേരില്‍ ഡസന്‍ കണക്കിന് കേസുകള്‍ യോഗി ആദിത്യനാഥ് ചാര്‍ജ് ചെയ്തിരിക്കുന്നു. നിരന്തരമായ പൊലിസ് സര്‍വയലന്‍സിനും പരോക്ഷ ഭീഷണികള്‍ക്കും ആക്ടിവിസ്റ്റുകള്‍ വിധേയമായിക്കൊണ്ടിരിക്കുന്നു. ഭരണകൂടത്തിന്റെ കൈകളാല്‍ എപ്പോള്‍ വേണമെങ്കിലും തങ്ങളുടെ രാഷ്ട്രീയ അവകാശങ്ങള്‍ ഇല്ലാതാക്കപ്പെട്ടേക്കാം എന്ന ഭീതി വ്യാപകമാണ്. രഹസ്യ പൊലിസിന്റെ ഭീഷണി ദിനേയെന്നോണം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. നിയമ പരിരക്ഷയുടെയും മാധ്യമ ജാഗ്രതയുടെയും രാഷ്ട്രീയ പ്രക്ഷോഭത്തിന്റെയും അഭാവത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുമെന്നുറപ്പാണ്.
പൗരത്വ പ്രക്ഷോഭത്തില്‍ നേരിട്ട് ബന്ധമില്ലാത്ത മുസ്‌ലിം ഗവേഷകരെയും കലാകാരന്മാരെയും അറസ്റ്റ് ചെയ്യുന്ന തരത്തില്‍ ഭരണകൂട പീഡനം ഇന്ന് വ്യാപിച്ചിരിക്കുന്നു. ഡല്‍ഹി കേന്ദ്രമാക്കിയ ആക്ടിവിസ്റ്റുകളുടെ അറസ്റ്റിനു കിട്ടുന്ന മാധ്യമ ശ്രദ്ധ കേന്ദ്രതലസ്ഥാനത്തിനു പുറത്തുള്ള ചെറുനഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളുടെ അറസ്റ്റിനു കിട്ടുന്നില്ലയെന്ന ദുര്യോഗമുണ്ട്. സെലിബ്രിറ്റികളുടെയോ പൗരവകാശ പ്രവര്‍ത്തകരുടെയോ ശ്രദ്ധ ജാമിഅ സമരത്തിനു പുറത്തുള്ളവരുടെ കാര്യത്തില്‍ എത്തുന്നില്ല. ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നാല്‍ മാത്രമെ അഖിലേന്ത്യാ ശ്രദ്ധ കിട്ടുന്നുള്ളൂ. ഇതിലേറ്റവും പ്രധാനപ്പെട്ട ഒരു സംഭവം ആണ് കഴിഞ്ഞ ഏപ്രില്‍ രണ്ടാം വാരത്തില്‍ ജെ.എന്‍.യുവിലെ മുസ്‌ലിം ഗവേഷകനായ ചെങ്കിസ് ഖാനെ മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. നാലു വര്‍ഷം മുമ്പ് മണിപ്പൂരി മുസ്‌ലിംകള്‍ക്കെതിരേ ഭരണകൂടം നടത്തുന്ന വിവേചനങ്ങളെ പറ്റി ചെങ്കിസ് ഖാന്‍ എഴുതിയ ലേഖനം ഇംഫാലിലുള്ള ഒരു പത്രം ഈ മാര്‍ച്ച് മാസം വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് കേസ് എടുത്തത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് അദ്ദേഹത്തിനു ജാമ്യം ലഭിച്ചത്. എസ്.എഫ്.ഐ നേതാവും ബംഗാളില്‍ നിന്നുള്ള സവര്‍ണ പശ്ചാത്തലമുള്ള വിദ്യാര്‍ഥി നേതാവുമായ ഐഷെ ഘോഷിനു ലഭിച്ച പൊതു ശ്രദ്ധയോ മാധ്യമ പിന്തുണയോ ചെങ്കിസ് ഖാനു ഒരിക്കലും ലഭിച്ചിട്ടില്ലായിരുന്നു.
പൊതുവേ സോഫ്റ്റ് ടാര്‍ജറ്റായ കലാകാരന്‍മാര്‍ വരെ പതിവില്ലാത്ത വിധം ഭീഷണിക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. മുസ്‌ലിം സ്റ്റാന്റ് അപ്പ് കൊമേഡിയനായ മുനവര്‍ ഫാറൂഖിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പൂട്ടിക്കുകയും അദ്ദേഹത്തിനെതിരേ കേസെടുക്കുമെന്ന ഭീഷണിയുണ്ടാവുകയും ചെയ്തതും ഇതിന്റെ ഭാഗമാണ്. മോദിയെ വിമര്‍ശിക്കുകയും പൗരത്വ പ്രശ്‌നത്തില്‍ നിലപാടെടുക്കുകയും ചെയ്തതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയ പൂര്‍ണമായും ഒഴിവാക്കി ഫാറൂഖിക്ക് പിന്മാറേണ്ടി വന്നു. സൈബര്‍ നാസികള്‍ക്ക് കലവറയില്ലാത്ത ഭരണകൂട പിന്തുണ ലഭിക്കുന്നുവെന്നാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
ഇതിന്റെ തുടര്‍ച്ചയില്‍ തന്നെയാണ് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംബ്ദെയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പൗരാവകാശ പ്രവര്‍ത്തകനുമായ ഗൗതം നവ്‌ലാഖയെയും മാവോയിസ്റ്റ് ബന്ധമാരോപിച്ച് കള്ളക്കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയെയും കാണേണ്ടത്. അംബേദ്കറുടെ പൗത്രനായ ആനന്ദ് തെല്‍തുംബ്ദെയെ അംബേദ്കര്‍ ജയന്തിയുടെ അന്ന് തന്നെ അറസ്സ് ചെയ്ത് ജയിലിലടക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം സംഘ്പരിവാറിനുണ്ട്. ഇതൊക്കെ ഇന്ത്യയിലെ ദലിത് ബഹുജന്‍ പിന്നോക്ക ന്യൂനപക്ഷ മുന്നേറ്റത്തിനും നവജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും നല്‍കുന്ന സന്ദേശം വളരെ വലുതാണ്.
ഫോട്ടോഗ്രാഫര്‍മാര്‍, പത്രപവര്‍ത്തകര്‍ അടക്കമുള്ള കശ്മിരി ആക്ടിവിസ്റ്റുകളെയും വേട്ടയാടാന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മസ്രത് സഹ്‌റ, പീര്‍സാദ ആഷിഖ്, ഗൗഹര്‍ ഗീലാനി തുടങ്ങിയവരാണ് കശ്മിരി വേട്ടയുടെ ഒടുവിലത്തെ ഇരകള്‍. മുസ്‌ലിം ആക്ടിവിസ്റ്റുകള്‍ക്കെതിരായ ഈ നീക്കത്തിനു രാജ്യത്ത് വ്യാപകമായ ഇസ്‌ലാമോഫോബിയയുമായി ബന്ധമുണ്ട്. കൊവിഡ് - 19 വൈറസ് പരത്തിയത് തബ്‌ലീഗുകാരാണെന്ന പേരും പറഞ്ഞ് സംഘ്പരിവാര്‍ നാടൊട്ടുക്കും ആള്‍ക്കൂട്ട വിചാരണ നടത്തുകയാണ്. സാമൂഹത്തില്‍ വ്യാപകമായ ഇസ്‌ലാമോഫോബിയ കാരണം മുസ്‌ലിംകള്‍ വ്യാപകമായി മര്‍ദിക്കപ്പെടുന്നു. അവരുടെ നിത്യജീവിതം തന്നെ ഇല്ലാതാക്കപ്പെടുന്നു. ഫലപ്രദമായ ജനകീയ ചെറുത്തുനില്‍പ്പിന്റെ അഭാവത്തില്‍ അക്രമികള്‍ സൈ്വരവിഹാരം നടത്തുന്ന കാഴ്ചയാണുള്ളത്.
രാജ്യത്ത് സംഘ്പരിവാര്‍ അനുവദിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങളും അവകാശ പോരാട്ടങ്ങളും മാത്രമേ അനുവദിക്കുകയുള്ളൂവെന്നാണ് യഥാര്‍ഥ്യം. അതിനപ്പുറത്തുള്ള രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നത് അവരുടെ ഉറക്കം കെടുത്തുന്നുണ്ട്. പൗരത്വ പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് നേരിട്ടുള്ള ജനാധിപത്യത്തിന്റെ പ്രകാശനമായിരുന്നു. ജനങ്ങളുടെ ശക്തി തെരുവില്‍ പ്രകടിപ്പിച്ച് കൊണ്ട് ജനാധിപത്യ രാഷ്ട്രീയത്തെയും ഭരണഘടന സംവിധാനങ്ങളെയും പൗര സങ്കല്‍പത്തെയും പുനര്‍നിര്‍വചിക്കാനുമുള്ള വലിയ പോരാട്ടത്തിന്റെ ഭാഗമായിരുന്നു പൗരത്വ പ്രക്ഷോഭം. ആ പോരാട്ടത്തെ അടിച്ചമര്‍ത്താനും രാഷ്ട്രീയ പ്രതിരോധത്തെക്കുറിച്ച് ചിന്തിക്കാനുള്ള പുതിയ ഇടങ്ങളെ ഇല്ലാതാക്കാനുമാണ് പൗരത്വ പ്രക്ഷോഭത്തിന്റെ ഓരോ സമയത്തും സംഘ്പരിവാര്‍ ഭരണകൂടം ശ്രമിച്ചത്. ആ ശ്രമങ്ങളുടെ തുടര്‍ച്ചയായിട്ടാണ് അതിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച മുസ്‌ലിം ആക്ടിവിസ്റ്റുകള്‍ക്കെതിരേ ഇപ്പോള്‍ നടക്കുന്ന അറസ്റ്റുകളെയും പീഡനങ്ങളെയും പൗരാവകാശ ലംഘനങ്ങളെയും കാണേണ്ടത്. ഇനിയും വികസിക്കേണ്ട പൗരത്വ പ്രക്ഷോഭത്തിന്റെ ഭാവിയെയാണ് ഈ ഭരണകൂട അടിച്ചമര്‍ത്തല്‍ ലക്ഷ്യമിടുന്നത്. ലോക്ക് ഡൗണ്‍ തീരുന്നതിനു മുമ്പ് കഴിയുന്നത്ര ഭീതി വിതക്കാന്‍ തന്നെയാണ് ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. തീര്‍ച്ചയായും തുറന്ന പ്രതിരോധങ്ങള്‍ ഇല്ലാതെ ഫാസിസ്റ്റുകള്‍ മുട്ടുമടക്കില്ലായെന്നതാണ് ചരിത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."