ഹുവൈറോ ഗ്രേറ്റ് വാൾ മാരത്തൺ, സായിദ് ചാരിറ്റി റൺ: രജിസ്ട്രേഷൻ ആരംഭിച്ചു
അബൂദബി: യു.എ.ഇയും ചൈനയും തമ്മിലുള്ള സാംസ്കാരിക, കായിക സഹകരണത്തിന്റെ ഭാഗമായി സെപ്റ്റംബർ 21 ബീജിങ്ങിൽ നടക്കാനിരിക്കുന്ന 'ഹുവൈറോ ഗ്രേറ്റ് വാൾ മാരത്തൺ', 'സായിദ് ചാരിറ്റി റൺ 2025' എന്നിവയ്ക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
സായിദ് ചാരിറ്റി റൺ സുപ്രിം ഓർഗനൈസിങ് കമ്മിറ്റിയാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. യു.എ.ഇ, ബ്രസീൽ, ഈജിപ്ത്, യു.എസ്, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ആഗോള പരമ്പരയുടെ ഭാഗമാണ് ഓട്ടം.
ചൈനീസ് അത്‌ലറ്റിക്സ് അസോസിയേഷന്റെ എ1 വിഭാഗത്തിൽപ്പെടുന്ന ഗ്രേറ്റ് വാൾ മാരത്തൺ 51,000ത്തിലധികം ഓട്ടക്കാരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബീജിങ്ങിലെ യാങ്കി ലേക് ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ആരംഭിച്ച് മുതിയാൻയു ഗ്രേറ്റ് വാളിന്റെ വിനോദ സഞ്ചാര കേന്ദ്രത്തിൽ മാരത്തൺ സമാപിക്കും. ചരിത്രപരവും സാംസ്കാരികവുമായ നിരവധി സ്ഥലങ്ങളും ഈ റൂട്ടിൽ ഉൾപ്പെടും.
അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മാനുഷികതയ്ക്കും ആദരാഞ്ജലി അർപ്പിക്കാനായി 2001ൽ അബൂദബിയിലാണ് സായിദ് ചാരിറ്റി റൺ ആരംഭിച്ചത്. ഇതുവരെ, മെഡിക്കൽ-ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇതിലൂടെ 173 മില്യൺ യു.എസ് ഡോളറിലധികം സമാഹരിച്ചു. ന്യൂയോർക്, കെയ്‌റോ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ 613,000ത്തിലധികം ആളുകൾ മത്സരത്തിൽ പങ്കെടുത്തു.
സുപ്രീം സംഘാടക സമിതി ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) മുഹമ്മദ് ഹിലാൽ അൽ കഅബി ഓഗസ്റ്റ് 18ന് ബീജിങ്ങിൽ പരിപാടിയുടെ പൂർണ വിവരങ്ങൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും. ബീജിങ്ങിലെ യു.എ.ഇ എംബസിയും നിരവധി ചൈനീസ് സർക്കാർ ഏജൻസികളും പരിപാടിയെ പിന്തുണയ്ക്കും.
ഓഗസ്റ്റ് എട്ടു മുതൽ ചൈനീസ് അത്‌ലറ്റുകൾക്ക് പ്രാദേശിക മാരത്തൺ പ്ലാറ്റ്‌ഫോമുകളിലൂടെയും വീചാറ്റിലൂടെയും രജിസ്റ്റർ ചെയ്യാം. അത്‌ലറ്റുകൾ, താമസക്കാർ, എംബസി ജീവനക്കാർ, മറ്റു പ്രഗത്ഭർ എന്നിവർ ഉൾപ്പെടെ യു.എ.ഇയിൽ നിന്നുള്ള പങ്കാളികൾക്കായി ഈ ലിങ്കിൽ സമർപ്പിത ചാനലുകൾ ലഭ്യമാണ്:
https://m.mararun.com/html/match.html#/index/8436870480502777?f=mara.
സെപ്റ്റംബർ 19 മുതൽ 21 വരെ മുതിയാൻയു ഗ്രേറ്റ് വാളിൽ നടക്കുന്ന സാംസ്കാരിക പരിപാടിയും ഓട്ടത്തിനു മുൻപുള്ള പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സെപ്റ്റംബർ 21ന് അവാർഡ് ദാന ചടങ്ങോടെയാകും സമാപിക്കുക.
Huaihe Great Wall Marathon, Zayed Charity Run: Registration has begun
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."