മൂന്നു വർഷത്തിനിടെ സാമൂഹ്യ പെൻഷൻ 45 ശതമാനം കുറഞ്ഞു
കോഴിക്കോട്: മൂന്നു വർഷത്തിനിടെ സാമൂഹ്യ പെൻഷൻ ചെലവ് കുറഞ്ഞത് 45 ശതമാനത്തോളം. 2020- 2023 കാലത്താണ് വിവിധ ക്ഷേമ പെൻഷനുകളിൽ 33 മുതൽ 45 ശതമാനം വരെ കുറവുണ്ടായത്.
2013 മുതൽ 2018 വരെ പെൻഷൻ ചെലവ് 70 ശതമാനം വരെ കൂടി വന്നുവെങ്കിൽ കൊവിഡ് കാലമായ 2019ൽ പെൻഷൻ ചെലവ് കുത്തനെ കുറഞ്ഞതായാണ് സർക്കാർ രേഖ.
കർഷകത്തൊഴിലാളി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ എന്നിങ്ങനെ അഞ്ചു ക്ഷേമ പെൻഷനുകളാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. 50.43 ലക്ഷം ആണ് ആകെ പെൻഷൻ പറ്റുന്നവരുടെ എണ്ണം. ഇതിൽ 29 ലക്ഷവും വാർധക്യകാല പെൻഷനാണ്.
കർഷകത്തൊഴിലാളി പെൻഷൻ 2018ൽ 797.5 കോടി രൂപ ചെലവിട്ടിരുന്നത് 2023ൽ 450.8 കോടിയായി, 45ശതമാനമാണ് കുറഞ്ഞത്. 2019ൽ 334 കോടി മാത്രമാണ് വിതരണം ചെയ്തത്. ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ 2020ൽ 516.4 കോടിയായിരുന്നത് 2023ൽ 333.1 കോടിയായി കുറഞ്ഞു. 2019ൽ 179.7 കോടി മാത്രമാണ് വിതരണം ചെയ്തത്. 753.5 കോടിയുണ്ടായിരുന്ന വികലാംഗ പെൻഷൻ 507.8 കോടിയായാണ് കുറച്ചത്. 2018ൽ 690.5 കോടിയായി വർധിക്കുകയും 2019ൽ 308.4കോടിയായി കുറയുകയും ചെയ്ത ശേഷമാണ് 2020ൽ 753.5ആയി കൂടിയത്. പിന്നീടുള്ള മൂന്നു വർഷത്തെ കുറവ് 33 ശതമാനമാണ്. 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ 2020ൽ 156.6കോടിയുണ്ടായിരുന്നത് 2023ൽ 104.6 ആയി. 2019ൽ 61 കോടിയായിരുന്നു ചെലവ്. ദേശീയ വിധവാ പെൻഷൻ തുക 2020ൽ 250.6 കോടിയുണ്ടായിരുന്നത് 23ൽ 165.6 കോടിയായി. കൊവിഡ് വർഷത്തെ ചെലവ് 96 കോടി മാത്രമായിരുന്നു.
കർഷകത്തൊഴിലാളി പെൻഷന് ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുള്ളത് കോഴിക്കോട് ജില്ലയിലാണ്- 39502. ആലപ്പുഴയിൽ 37651ഉം പാലക്കാട് 31391 ഉം ഗുണഭോക്താക്കളുണ്ട്. വാർധക്യകാല പെൻഷൻ ഗുണഭോക്താക്കളേറെയും തിരുവനന്തപുരം ജില്ലയിലാണ്. 33 ക്ഷേമ ബോർഡുകളിൽ നിന്നായി 13.75 ലക്ഷം പേർ കേരളത്തിൽ പെൻഷൻ സ്വീകരിക്കുന്നുണ്ട്. നിർമാണത്തൊഴിലാളി പെൻഷൻ 4.89 ലക്ഷം പേർക്കാണ് ലഭിക്കുന്നത്. കർഷക പെൻഷനിൽ 2.59ലക്ഷം ഗുണഭോക്താക്കളുണ്ട്. കേരള മദ്റസാധ്യാപക ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ പറ്റുന്നവരുടെ എണ്ണം 1818ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."