എസ്.എസ്.കെ ഫണ്ട് ലഭിക്കുന്നില്ല; അധ്യാപക ക്ലസ്റ്റർ യോഗങ്ങൾ രാത്രിയിൽ ഓൺലൈനിൽ
തിരൂർ: എസ്.എസ്.കെ ഫണ്ട് ലഭിക്കാത്തതിനാൽ അധ്യാപക ക്ലസ്റ്റർ യോഗങ്ങൾ രാത്രിയിൽ ഓൺലൈനിൽ നടത്താനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. ഈ മാസം 13,14 തീയതികളിലായി രാത്രി ഏഴ് മുതൽ എട്ടുവരെ ഒരു മണിക്കൂർ വീതം നടത്താനാണ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയരക്ടർ എസ്. ഷാനവാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗത്തിൽ തീരുമാനിച്ചത്. പി.എം- ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവയ്ക്കാത്തതിന്റെ പേരിലാണ് കേന്ദ്ര സർക്കാർ ഫണ്ട് നൽകാത്തത്.
ഫണ്ട് ഇല്ലാത്തതിനാൽ ഭിന്നശേഷി, ആദിവാസി വിദ്യാർഥികളുടെ ആനുകൂല്യം ഉൾപ്പെടെയുള്ള എസ്.എസ്.കെ പദ്ധതികളെല്ലാം താളം തെറ്റിയ അവസ്ഥയിലാണ്. സ്പെഷൽ എജുക്കേറ്റർമാർക്കുള്ള ശമ്പളവും വൈകുന്ന സ്ഥിതിയാണ്. പി.എം-ശ്രീ നടപ്പാക്കാത്തതിന്റെ പേരിൽ 2023-24ന്റെ രണ്ടാം പകുതി മുതൽ സമഗ്രശിക്ഷയ്ക്കുള്ള ഫണ്ട് കേരളത്തിന് ലഭിച്ചിട്ടില്ല.
കഴിഞ്ഞവർഷം 153 കോടി രൂപ കേന്ദ്രം പിടിച്ചുവച്ചിരുന്നു. ഇതിന്റെ പേരിൽ കേന്ദ്രവിഹിതം തടയരുതെന്ന് കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്കൂളുകളിൽ പി.എം ശ്രീ എന്നെഴുതിയ കാർഡ് പ്രദർശിപ്പിക്കുന്നതൊഴികെ ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കിയിട്ടുണ്ട്.മിക്ക ക്ലാസുകളുടെയും പാഠപുസ്തകങ്ങൾ മാറിയതുകൊണ്ട് അധ്യാപക ക്ലസ്റ്റർ യോഗങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."