ഗ്രനേഡ് കൈവശം വെച്ച സൈനികന്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍
ശ്രീനഗര്‍: ഗ്രനേഡ് കൈവശം വെച്ച സൈനികനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു, ഇന്ന് രാവിലെയാണ് സംഭവം. ജമ്മുകശ്മീര്‍ 17 ജെ.എ.കെ റൈഫിള്‍ ബറ്റാലിയന്‍ അംഗം ഗോപാല്‍ മുഖിയയാണ് അറസ്റ്റിലായത്.
കശ്മീരിലെ ഉറി സെക്ടറില്‍ അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ജോലി ചെയ്യുന്ന ജവാനാണ് ഗോപാല്‍ മുഖിയ. സൈനികര്‍ പരിശീലനത്തിനുപയോഗിക്കുന്ന ഗ്രനേഡ് 90 യാണ് പിടികൂടിയത്.
ഡല്‍ഹിയിലേക്കു പോവുകയായിരുന്ന ഇയാളുടെ ലഗേജ് പരിശോധിക്കുന്നതിനിടെയാണ് ഗ്രനേഡ് കണ്ടെത്തിയതെന്ന് പൊലിസ് പറഞ്ഞു. രബാഗ് പരിശോധനയില്‍ രണ്ട് ഗ്രനേഡുകള്‍ കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു.
ശ്രീനഗറില്‍ നിന്നും ഡല്‍ഹിയിലേക്കാണ് ഗോപാല്‍ ടിക്കറ്റ് എടുത്തിരുന്നത്. ഓഫീസര്‍ തന്നയച്ചതാണെന്നും മീന്‍ പിടിക്കുന്നതിന് വേണ്ടിയാണെന്നും ജവാന്‍ നല്‍കിയ വിശദീകരണം.
എന്നാല്‍ മറുപടി വിശ്വസനീയമല്ലെന്നും സംഭവം അന്വേഷിച്ചു വരികയാണെന്നും പൊലിസ് വ്യക്തമാക്കി.
ഡാര്‍ജലിങ് സ്വദേശിയാണ് ഗോപാല്‍ മുഖിയ. പിടികൂടിയ ഗ്രനേഡുകള്‍ എവിടെ നിന്നുള്ളതാണെന്ന് പരിശോധിച്ചു വരികയാണ്. ശ്രീനഗര്‍ വിമാനത്താവളത്തില്‍ അതീവ ജാഗ്രതയും നിരവധി ചെക്ക് പോസ്റ്റുകളുമുണ്ട്. എന്നാല്‍ സൈനികരെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."