പൊതുകിണറിന് ഒടുവില്‍ ശാപമോക്ഷം
മട്ടന്നൂര്‍: ഉപയോഗ ശൂന്യമായി നശിക്കുന്ന നഗരത്തിലെ പൊതുകിണര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചു. വേനല്‍ച്ചൂടും വരള്‍ച്ചയും മൂലം നാട്ടുകാര്‍ ദുരിതത്തിലായിട്ടും നഗരത്തിലെ പൊതുകിണര്‍ ഉപയോഗിക്കാതെ കിടക്കുന്നത് കഴിഞ്ഞ ആഴ്ച സുപ്രഭാതം വാര്‍ത്തയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കിണര്‍ വൃത്തിയാക്കാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തയ്യാറായത്. രണ്ടാഴ്ച മുമ്പ് പൊതുമരാമത്ത് അധികൃതര്‍ റോഡിനു സമീപത്തെ ബോര്‍ഡുകള്‍ നീക്കുന്നതിനിടയില്‍ ഇവിടെത്തെയും ബോര്‍ഡുകള്‍ നീക്കി. ഇതിനു ശേഷം ഇന്നലെ രാവിലെയോടെയാണ് ഡി.വൈ.എഫ്.ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിണര്‍ പരിസരം ശുചീകരിച്ചത്. പൊതു കിണര്‍ ശുചീകരിക്കാന്‍ നഗരസഭാ അധികൃതര്‍ തയാറാണെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേരത്തെ മുന്നോട്ടു വന്നിരുന്നു. കഴിഞ്ഞ ദിവസം നഗരസഭാ സെക്രട്ടറിയുമായി സംസാരിച്ചു ശുചീകരിക്കാന്‍ സമ്മതം തന്നിരിക്കെ ഡി.വൈ.എഫ്.ഐ മുന്നിട്ടിറങ്ങിയത് വില കുറഞ്ഞ നടപടിയാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. സംഘടനയുടെ മുന്‍ തീരുമാന പ്രകാരമാണ് ശുചീകരണം നടത്തിയെതെന്നാണ് ഡി.വൈ.എഫ്.ഐയുടെ അവകാശ വാദം. ശുചീകരണത്തിനു കെ ദിവാകരന്, വി.കെ സജീവന്, മുഹമ്മദ് അസ്ലം, പ്രസാദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."