പൊട്ടിക്കരഞ്ഞ് ഷംനയുടെ പിതാവ്; നഷ്ടപരിഹാരം വേണ്ട, മരണംവരെ പോരാടും
കൊച്ചി: എറണാകുളം പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് തന്റെ മകള്‍ക്കുണ്ടായ ദുരവസ്ഥ വിവരിക്കവെ കെ.എ അബൂട്ടി പൊട്ടിക്കരഞ്ഞു. മരിച്ചെന്ന് അറിഞ്ഞിട്ടും മകളെ മണിക്കൂറുകളോളം ഐ.സി.യുവില്‍ സൂക്ഷിച്ചെന്നും തുടര്‍ന്ന് രാജഗിരി ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചെന്നും വ്യക്തമാക്കുന്ന ശബ്ദരേഖ മാധ്യമപ്രവര്‍ത്തകരെ കേള്‍പ്പിച്ചപ്പോള്‍ നെഞ്ചുവേദനകൊണ്ട് പുളഞ്ഞു.
പിന്നെ കൈയില്‍ കരുതിയിരുന്ന വേദനസംഹാരി ഗുളിക വിഴുങ്ങുകയായിരുന്നു. എന്റെ മകള്‍ക്ക് നീതിലഭിച്ചിട്ടില്ല. എട്ടുമാസമായി ഞാന്‍ ഉറങ്ങിയിട്ട്.
കണ്ണടച്ചാല്‍ പിടഞ്ഞുമരിക്കുന്ന മകളുടെ മുഖമാണ് മുന്നില്‍. 'എന്റെ മകളുടെ മരണത്തിന് സര്‍ക്കാര്‍ കഴിഞ്ഞദിവസം വിലയിട്ടിരുന്നു. മൂന്നുലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്തില്‍നിന്ന് വിളിച്ചുപറഞ്ഞു. ഒരു പൈസപോലും എനിക്ക് വേണ്ട. മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം.
മകളുടെ മരണം കുടുംബത്തെ ഇരുട്ടിലാക്കിയിരിക്കുകയാണ്. അവളുടെ ഇളയ സഹോദരിമാരുടെ പഠനത്തെപ്പോലും ഇത് ബാധിച്ചു. മകള്‍ മരിച്ചതിനുശേഷം നീതിക്കായി ഞാന്‍ അലയുകയാണ്.
നിങ്ങള്‍ അതിനെന്നെ സഹായിക്കണം'- ഇരുകൈയും നെഞ്ചില്‍വച്ച് നിറകണ്ണുകളോടെ അബൂട്ടി പറഞ്ഞു. 2016 ജൂലായ് 18നാണ് കളമശ്ശേരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന ഷംന ചികിത്സാപിഴവ് മൂലം മരിക്കുന്നത്. പനിക്ക് ചികിത്സയ്‌ക്കെത്തിയ ഷംനയ്ക്ക് നല്‍കിയ കുത്തിവയ്പ്പാണ് മരണത്തിലേക്ക് നയിച്ചത്. മരണത്തില്‍ ചികിത്സാപിഴവ് സംഭവിച്ചതായി ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
എന്നാല്‍ പൊലിസ് അന്വേഷണത്തെ തുടര്‍ന്ന് രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ്, ചികിത്സിച്ച ഡോക്ടര്‍മാരുടെ പിഴവ് കണ്ടെത്തിയില്ലെന്ന് റിപ്പോര്‍ട്ട് തയാറാക്കിയെങ്കിലും ബോര്‍ഡിലെ ഒരംഗം വിയോജനകുറുപ്പ് എഴുതിയതോടെ വിഷയം മനുഷ്യാവകാശ കമ്മിഷന് മുന്നിലെത്തി. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും കളമശ്ശേരി മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."