ജനകീയം 2017: ആകെ അപേക്ഷകള്‍ 9918
കോട്ടയം: ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടി- ജനകീയം 2017 ല്‍ ഇതുവരെ 9918 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 6637 എണ്ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷകളാണ്. ബാക്കിയുള്ള 3281 അപേക്ഷകളില്‍ 2007 എണ്ണം കോട്ടയം റവന്യൂ ഡിവിഷനിലും 1274 എണ്ണം പാലാ ഡിവിഷനിലുമാണ്.
റവന്യു ഡിവിഷന്‍ അടിസ്ഥാനത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ആദ്യത്തേത് ഏപ്രില്‍ 6ന് പാല സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും രണ്ടാമത്തേത് 11 ന് കോട്ടയം കെ.പി.എസ് മോനോന്‍ ഹാളിലുമാണ് നടക്കുക.
പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ മാര്‍ച്ച് 31 ന് മുന്‍പ് ആവശ്യമായ നടപടി സ്വീകരിച്ച് വിവരം അപേക്ഷകരേയും ബന്ധപ്പെട്ട ആര്‍.ഡി.ഒ യേയും അറിയിക്കാന്‍ കലക്ടര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
കലക്ടര്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്ന വേദിയില്‍ ഉദ്യോഗസ്ഥര്‍ പരാതികള്‍ സംബന്ധിച്ച ഫയലുകള്‍ സഹിതം ഹാജരായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപേക്ഷകളിന്‍മേലുള്ള തീര്‍പ്പ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള അപ്പീലുകളും നിശ്ചിത സമയത്തിനകം തീര്‍പ്പാക്കാത്ത അപേക്ഷകളുമാണ് റവന്യു ഡിവിഷന്‍ തലത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ പരിഗണനക്ക് വരിക. പരിപാടിയുടെ സുഗമമായ നടത്തിപ്പിനുളള ഏകോപനത്തിനായി കലക്‌ട്രേറ്റ്, റവന്യൂ ഡിവിഷന്‍, താലൂക്ക് തലങ്ങളില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കുടുംബശ്രീ കാന്റീനുകള്‍ മുഖേന മിതമായ നിരക്കില്‍ ഭക്ഷണത്തിനുള്ള സൗകര്യവും വാട്ടര്‍ അതോറിറ്റി വഴി കുടിവെള്ള വിതരണവും ഉറപ്പാക്കിയിട്ടുണ്ട്. കിടപ്പുരോഗികളെ ജനസമ്പര്‍ക്ക പരിപാടിയില്‍ കൊണ്ടുവരേണ്ടതില്ല. ചികിത്സാ ധനസഹായ അപേക്ഷകളുമായി എത്തുന്നവര്‍ നിര്‍ബന്ധമായും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
വികസന-ക്ഷേമ രംഗങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ അടിസ്ഥാനമാക്കി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള വികസന യാത്ര പ്രദര്‍ശനവും ജനസമ്പര്‍ക്ക വേദികളില്‍ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."