13-ാം പഞ്ചവത്സര പദ്ധതി കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കും
കാസര്‍കോട്: 13-ാം പഞ്ചവത്സര പദ്ധതിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കും. ഏകോപിപ്പിക്കാത്തത് പദ്ധതി നടത്തിപ്പിനെ ബാധിക്കുന്നുവെന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
ഇതിന് മുന്നൊരുക്കം നടത്താന്‍ പഞ്ചായത്തംഗങ്ങളോട് തദ്ദേശസ്വയംഭരണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ചില പദ്ധതികള്‍ ഇത്തരത്തില്‍ നടക്കുന്നുണ്ടെങ്കിലും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന പദ്ധതികളും കൃഷിഭവനുകള്‍ വഴി അനുവദിക്കുന്നവയും തദ്ദേശഭരണകൂടങ്ങള്‍ അറിയുന്നില്ല. സമ്പൂര്‍ണ ഭവന നിര്‍മാണമടക്കമുള്ള പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ ഭരണകൂടങ്ങളെയാണ് ആശ്രയിക്കുന്നത്. പ്രാദേശിക സര്‍ക്കാരെന്ന നിലയില്‍ പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും കൂട്ടിയിണക്കുന്നത് തദ്ദേശ ഭരണകൂടങ്ങളാണ്.
എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളുമായി തദ്ദേശസ്ഥാപനങ്ങളെ ബന്ധിപ്പിക്കാത്തതിനാല്‍ പല പദ്ധതികളും താഴേക്കിടയിലുള്ള ജനങ്ങളിലെത്തുന്നില്ല.
കൃഷിഭവനുകളുടെ പദ്ധതി നടത്തിപ്പില്‍ തദ്ദേശ ഭരണകൂടങ്ങള്‍ക്ക് ഇടപെടല്‍ നടത്താനാകാത്തത് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നുവെന്ന് ആസൂത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ഏകോപനം സാധ്യമാക്കുന്നതിന് തദ്ദേശ ഭരണകൂടങ്ങള്‍ മുന്‍കൈയെടുക്കണമെന്നാണ് ആസൂത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."