സംസ്ഥാനങ്ങളിലൂടെ
ഉത്തര്‍പ്രദേശ്
ബി.ജെ.പിക്ക്
തടയിടാന്‍
മഹാസഖ്യം വേണം
ലഖ്‌നൗ:ബി.ജെ.പി തരംഗത്തിന് തടയിടാന്‍ ബിഹാറിലേതുപോലെ മഹാസഖ്യം ദേശീയതലത്തില്‍ അനിവാര്യമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കോണ്‍ഗ്രസും ഇടതുപക്ഷവും ഇതിനായി മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.പിയിലെ ബി.ജെ.പി മുന്നേറ്റത്തിന് പ്രധാന കാരണം ബിഹാറിലേതുപോലുള്ള മഹാസഖ്യത്തിന്റെ അഭാവമാണ്. എസ്.പി, കോണ്‍ഗ്രസ്, ബി.എസ്.പി എന്നീ പാര്‍ട്ടികളുടെ വോട്ടുകള്‍ ചേര്‍ത്താല്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകളേക്കാള്‍ 10 ശതമാനം അധികം വരുമെന്നും നിതീഷ്‌കുമാര്‍ പറഞ്ഞു. ദേശീയ തലത്തില്‍ ഒരു മഹാസഖ്യം രൂപീകരിച്ചാല്‍ അതൊരു മഹാവിജയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഹാര്‍
ജനതാദള്‍-യു
നേതാവിനെ പുറത്താക്കി
പട്‌ന: ജനതാദള്‍-യു നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. റോഹ്ത്താസ് ജില്ലയില്‍ നടത്തിയ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി നേതാവും മുന്‍എം.എല്‍.എയുമായ സൂര്യദിയോ സിങിനെ പുറത്താക്കിയത്. സ്‌ഫോടനത്തില്‍ ഒരു പെണ്‍കുട്ടി മരിക്കുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാണ് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് ജനതാ ദള്‍-യു വക്താവ് സഞ്ജയ് കുമാര്‍ സിങ് അറിയിച്ചു.
ജമ്മുകശ്മിര്‍
റോഡ് വികസനത്തിന് 7,000 കോടിയുടെ പദ്ധതി
ഉദംപൂര്‍: സംസ്ഥാനത്തിന്റെ റോഡ് വികസനത്തിനായി 7000 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കിയതായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചു. രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്ന വിധത്തിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയില്‍ 13 പദ്ധതികള്‍ക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചിട്ടുണ്ട്. ജമ്മു-ശ്രീനഗര്‍ നഗരങ്ങളെ ബന്ധിപ്പിച്ച് റിങ് റോഡുകളുടെ നിര്‍മാണം അടുത്ത മൂന്നുമാസത്തിനകം തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.
ജാര്‍ഖണ്ഡ്
സ്ത്രീ ജീവനക്കാരുടെ എണ്ണം 20 ശതമാനമായി വര്‍ധിപ്പിക്കും
റാഞ്ചി: 2020ഓടെ ടാറ്റാ സ്റ്റീല്‍ കമ്പനിയില്‍ സ്ത്രീ ജീവനക്കാരുടെ സാന്നിധ്യം 20 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് ടാറ്റാ സ്റ്റീല്‍ മാനേജിങ് ഡയരക്ടര്‍ ടി.വി നരേന്ദ്ര അറിയിച്ചു. രാജ്യത്തെ പെണ്‍കുട്ടികളെ സംരക്ഷിക്കുകയും അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയും ചെയ്യണമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന്റെ സാന്നിധ്യത്തിലാണ് കമ്പനിയില്‍ സ്ത്രീപ്രാതിനിധ്യം 20 ശതമാനമായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
തമിഴ്‌നാട്
സ്ത്രീ പീഡനക്കേസില്‍ ആള്‍ദൈവം അറസ്റ്റില്‍
ചെന്നൈ: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കാഞ്ചീപുരം ജില്ലയില്‍ ആള്‍ദൈവം അറസ്റ്റില്‍. 24കാരിയായ യുവതിയാണ് അണ്ണാ ദുരൈ എന്ന ആള്‍ദൈവത്തിനെതിരേ പരാതി നല്‍കിയത്. അസഹ്യമായ തലവേദനകാരണം അണ്ണാ ദുരൈയെ കാണാനെത്തിയതായിരുന്നു യുവതി. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗുദുവാഞ്ചേരി പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.
തെലങ്കാന
മുളകു കര്‍ഷകരെ രക്ഷിക്കാന്‍
നടപടിവേണം
ഹൈദരാബാദ്: പ്രതികൂല കാലാവസ്ഥകാരണം പ്രതിസന്ധിയിലായ മുളക് കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്രം അടിയന്തരമായി സാമ്പത്തിക സഹായം നല്‍കണമെന്ന് സംസ്ഥാന ജലസേചന-വാണിജ്യ മന്ത്രി ടി. ഹരീഷ് റാവു ആവശ്യപ്പെട്ടു. ജലസേചന സൗകര്യമില്ലാത്തതുകാരണം മുളക് പാടങ്ങള്‍ കരിഞ്ഞുണങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."