ഫ്രാന്‍സില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയതായി പരാതി
കോഴിക്കോട്: ഫ്രാന്‍സില്‍ ജോലി വാഗ്ദാനംചെയ്ത് 22 പേരില്‍ നിന്നായി 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. കൊല്ലം പറവൂര്‍ സ്വദേശി ജീനസ് പ്രസാദ്, സുഹൃത്ത് മനോജ് ലോറന്‍സ് എന്നിവര്‍ക്കെതിരേയാണു പരാതി. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായത്.
ഫ്രാന്‍സിലെ മിലിട്ടറി ക്യാംപില്‍ ഒന്നരലക്ഷം രൂപ ശമ്പളത്തിലാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍നിന്ന് 22 യുവാക്കളെ വിസിറ്റിങ് വിസയില്‍ റഷ്യയില്‍ എത്തിച്ചിരുന്നു. അവിടെ ജീനസ്പ്രസാദിന്റെ സുഹൃത്തായ റഷ്യക്കാരനായ ആര്‍ത്തൂര്‍ എന്നയാളുടെ വീട്ടിലാണു താമസസൗകര്യം ഒരുക്കിയിരുന്നത്.
ജീനസ് പ്രസാദിന്റെയും സുഹൃത്തിന്റെയും പെരുമാറ്റത്തില്‍ സംശയംതോന്നി നാട്ടിലേക്കു പോകണമെന്നാവശ്യപ്പെട്ടവരോടു വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നു തട്ടിപ്പിനിരയായ ഉമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തുടര്‍ന്ന് എംബസി മുഖേന കഴിഞ്ഞമാസം 19നാണു ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. എംബസിയില്‍ പരാതി നല്‍കാതിരിക്കാന്‍ ജീനസ് പ്രസാദ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജൂണ്‍ 24നു മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്ത് പോയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പരാതി നല്‍കി. ഇതിനിടെ പരാതി നല്‍കരുതെന്നാവശ്യപ്പെട്ട് ജീനസ് പ്രസാദ് വാട്‌സ് അപ്പിലൂടെയും മെസേജ് വഴിയും ഭീഷണിപ്പെടുത്തി.
തപാല്‍മാര്‍ഗം മുഖ്യമന്ത്രി, ഡി.ജി.പി, മനുഷ്യാവകാശ കമ്മിഷന്‍, കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ എന്നിവര്‍ക്ക് പരാതി അയച്ചിട്ടുണ്ട്. 29ന് ആറുപേര്‍ ചേര്‍ന്ന് കോഴിക്കോട് സിറ്റി പോലിസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി.വിനീഷ്, കെ.ജയറാം, എം.അനീഷ്, എം.വി.രതീഷ്, സന്തോഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."