സ്‌കൂള്‍ തുറന്നു; ആസിമിന് മാത്രം പോകാനാവില്ല
മുക്കം: കളിക്കൂട്ടുകാര്‍ പുതിയ ബാഗും കുടയും പുസ്തകങ്ങളുമായി ഇന്ന് സ്‌കൂളിലേക്ക് പോകുമ്പോള്‍ വെളിമണ്ണയിലെ മുഹമ്മദ് ആസിം സങ്കടങ്ങള്‍ ഉള്ളിലൊതുക്കി വീട്ടിലിരുന്ന് പുഞ്ചിരിക്കുകയാണ്. നിസ്സഹായതോടെയുള്ള ആ പുഞ്ചിരിക്കിടയിലും അധികൃതര്‍ കനിയുമെന്നും തന്റെ പഠനം തടസമില്ലാതെ മുന്നോട്ടുപോകുമെന്നുമുള്ള പ്രതീക്ഷയിലാണ് ഭിന്നശേഷിക്കാരനായ ഈ ബാലന്‍. ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയെങ്കിലും പഠനം തുടരാന്‍ ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്ന ആധിയും ആസിം പങ്കുവെക്കുന്നുണ്ട്.
ജന്‍മനാ ഇരുകൈകളുമില്ലാത്ത ആസിം വൈകല്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് എതിരിട്ടെങ്കിലും സാങ്കേതികത്വങ്ങള്‍ ആണ് വില്ലനായി മുന്നില്‍ നില്‍ക്കുന്നത്. സ്വന്തമായി നടക്കാനോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയാത്ത ഈ ബാലന് അധികദൂരം യാത്ര ചെയ്യുക സാധ്യമല്ല. അതിനാല്‍ പഠനം തുടരണമെങ്കില്‍ ഇതുവരെ പഠിച്ചുകൊണ്ടിരുന്ന വെളിമണ്ണ ജി.എം.യു.പി സ്‌കൂള്‍ ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യുകയേ വഴിയുള്ളൂ. മുന്‍പ് ആസിമിന്റെ തുടര്‍പഠനത്തിന് വേണ്ടി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രത്യേക താല്‍പര്യമെടുത്ത് വീടിനടുത്തുള്ള വെളിമണ്ണ എല്‍.പി സ്‌കൂള്‍ യു.പി ആക്കി അപ്‌ഗ്രേഡ് ചെയ്തിരുന്നു. അസിം നാലാം ക്‌ളാസില്‍ പഠിക്കുമ്പോഴായിരുന്നു ഇത്. എന്നാല്‍ ഇനി എട്ടാം ക്ലാസില്‍ ആസിമിന് തുടര്‍പഠനം സാധ്യമാവണമെങ്കില്‍ സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയേ പറ്റൂ. ഇതിന് വേണ്ടി ഒരു നാടൊന്നാകെ മാസങ്ങളായി പരിശ്രമിക്കുകയാണിപ്പോള്‍.
പഠനമെന്ന തന്റെ അടങ്ങാത്ത അഭിനിവേശം മുടങ്ങാതിരിക്കുവാന്‍ പ്രധാനമന്ത്രി അടക്കമുള്ളവരെ ആസിം സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍ കുറച്ച് കാത്തിരുന്നിട്ടാണെങ്കിലും തന്റെ പോരാട്ടം കൊണ്ട് വെളിമണ്ണ യു.പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യപ്പെടും എന്ന് തന്നെയാണ് ഈ മിടുക്കന്‍ വിശ്വസിക്കുന്നത്. പുതിയ ബാഗും കുടയും പുസ്തകങ്ങളുമായി ആ വാര്‍ത്ത കേള്‍ക്കുവാന്‍ കാതോര്‍ത്തിരിക്കുകയാണ് ആസിം ഇപ്പോള്‍. ദേശീയ- സംസ്ഥാന ബാലാവകാശ കമ്മിഷനുകള്‍, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അടക്കമുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെിട്ടുണ്ട്. ഓമശ്ശേരി പഞ്ചായത്തില്‍ ഒരൊറ്റ ഹൈസ്‌കൂള്‍ പോലുമില്ല എന്നതും പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്.
വെളിമണ്ണ യു.പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങളും സമരങ്ങളും കലക്ടറേറ്റ് മാര്‍ച്ച് അടക്കമുള്ള വ്യത്യസ്ത പ്രതിഷേധ പരിപാടികളും ഇക്കാലയളവില്‍ നടത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരവും ഈ മിടുക്കനെ തേടിയെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."