ഇന്ത്യാ-പാക് പ്രശ്‌നം പരിഹരിക്കാന്‍ ട്രംപ് ഇടപെടാമെന്ന് യു.എസ്
യുനൈറ്റഡ് നാഷന്‍സ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയാറാണെന്ന് അമേരിക്ക. ഐക്യരാഷ്ട്രസഭയില്‍ യു.എസിന്റെ സ്ഥിരം സ്ഥാനപതി നിക്കി ഹാലെയാണ് ഇക്കാര്യം അറിയിച്ചത്.
ഇത്തരം പ്രശ്‌നങ്ങളില്‍ മികച്ച പങ്കാളിയാകാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. സൗഹൃദ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള പിന്തുണയും യു.എസ് അറിയിച്ചു. ഇരുരാജ്യങ്ങളും സമാധാന ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണം. നേരത്തെ ഇന്ത്യയും പാകിസ്താനും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കട്ടെയെന്നായിരുന്നു ഒബാമ ഭരണകൂടത്തിന്റെ നിലപാട്.
ഒബാമയ്ക്കു മുന്‍പും അമേരിക്ക സ്വീകരിച്ചത് ഈ നിലപാടായിരുന്നു. എന്നാല്‍, ട്രംപിന്റെ നിലപാട് അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നത്തില്‍ വിദേശരാജ്യത്തിന്റെ ഇടപെടലോ മധ്യസ്ഥതയോ ഇന്ത്യ ആഗ്രഹിക്കുന്നില്ല. നയതന്ത്രപ്രശ്‌നത്തില്‍ ബാഹ്യ ഇടപെടലിനെ അനുകൂലിക്കുന്നില്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, മേഖലയിലെ സ്ഥിതി അനുദിനം വഷളാകുകയാണെന്നും ഇതില്‍ യു.എസിന് ആശങ്കയുണ്ടെന്നും നിക്കി ഹാലെ പറഞ്ഞു. പ്രസിഡന്റ് നേരിട്ട് വിഷയത്തില്‍ ഇടപെടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്.
കശ്മിര്‍ വിഷയത്തില്‍ എത്രയുംവേഗം പരിഹാരം കാണണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ വംശജയും ട്രംപ് ഭരണകൂടത്തിലെ പ്രധാനിയുമാണ് നിക്കി ഹാലെ.
ഇരുരാജ്യങ്ങളും താല്‍പര്യപ്പെടുകയാണെങ്കില്‍ ഇന്ത്യാ-പാക് വിഷയത്തില്‍ ഇടപെടാമെന്ന് യു.എസ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലൊരു ഔദ്യോഗിക സൂചന ട്രംപ് ഭരണകൂടത്തില്‍ നിന്നുണ്ടാകുന്നത് ആദ്യമായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."