നൈജീരിയക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണം: നടപടിയെടുക്കണമെന്ന് യു.എന്‍
യുനൈറ്റഡ് നാഷന്‍സ്: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നാല് നൈജീരിയന്‍ വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഐക്യരാഷ്ട്രസഭ.
പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ദുജാറിക് വാര്‍ത്താലേഖകരോട് പറഞ്ഞു. വംശീയ ആക്രമണമാണ് നടന്നതെന്ന് കഴിഞ്ഞ ദിവസം നൈജീരിയ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യു.എന്നിന്റെ ഇടപെടല്‍.
അതിനിടെ, സംഭവത്തില്‍ ഖേദംപ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ആഫ്രിക്കന്‍ വംശജര്‍ക്ക് സുരക്ഷ ഒരുക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്‌ലെ ഡല്‍ഹിയില്‍ പറഞ്ഞു. അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് 19കാരനായ വിദ്യാര്‍ഥി മരിച്ചതാണ് നൈജീരിയന്‍ വംശജര്‍ക്കെതിരായ ആക്രമണത്തിന് കാരണമായത്. വിദ്യാര്‍ഥിക്ക് മയക്കുമരുന്ന് നല്‍കിയത് ആഫ്രിക്കന്‍ വംശജരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."